2026 ഫിഫ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയിരിക്കുകയാണ് ആഫ്രിക്കന്‍ കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ. ഗ്രൂപ്പ് എച്ച്-ല്‍ ഇന്ന് നടന്ന മത്സരത്തില്‍ സൗദി അറേബ്യയെ ഗോള്‍ രഹിത സമനിലയിലാക്കിയാണ് വെര്‍ദെ അടുത്ത റൗണ്ടിലേക്ക് കടന്നത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയ്ന്‍ ഉറുഗ്വേയെ വീഴ്ത്തിയതും വെര്‍ദെയുടെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തില്‍ നിര്‍ണായകമായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ഇതോടെ ഗ്രൂപ്പ് എച്ചില്‍ നിന്നും ഉറുഗ്വേ പുറത്താവുകയും ചെയ്തു.
ഒറ്റ മത്സരം പോലും വിജയിക്കാതെ മൂന്ന് സമനിലകളോടെയാണ് ടീമിന്റെ കുതിപ്പ്. വമ്പന്മാരായ ഉറുഗ്വേയെയും സ്‌പെയ്‌നിനെയും വെര്‍ദെ സമനിലയിലാക്കിയിരുന്നു. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വീതം ഗോളുകള്‍ നേടിയാണ് വെര്‍ദെ ഉറുഗ്വേയെ വിറപ്പിച്ചത്.
ആദ്യ മത്സരത്തില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയ്നിനെയും ഗോള്‍ രഹിത സമനിലയിലാണ് കേപ് വെര്‍ദെ തളച്ചത്. വെര്‍ദെയുടെ ഗോള്‍ മുഖത്ത് വോസിന്‍ഹയെന്ന 40കാരന്റെ മിന്നും പ്രകടനമാണ് വെര്‍ദെക്ക് തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്റ് നേടിക്കൊടുത്തത്. ഇതേ പോരാട്ടവീര്യം ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ സൗദിക്കെതിരെയും നടത്തിയാണ് ആഫ്രിക്കന്‍ ടീം റൗണ്ട് ഓഫ് 32ലേക്ക് കുതിച്ചത്.കേപ് വെര്‍ദെ
ഇതോടെ നിലവില്‍ ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു പരാജയവും ഏറ്റുവാങ്ങാത്ത ടീമായി മാറിയിരിക്കുകയാണ് കേപ് വെര്‍ദെ. ബ്രസീല്‍, ഫ്രാന്‍സ്, സ്പെയ്ന്‍ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് കേപ് വെര്‍ദെ സ്ഥാനം നേടിയിരിക്കുന്നത്.
2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും പൂര്‍ത്തിയാക്കിയ തോല്‍വിയറിയാത്ത ടീമുകള്‍
ലോകകപ്പിന്റെ ചരിത്രത്തില്‍ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും സമനില നേടി അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന നാലാമത്തെ ടീമാണ് കേപ് വെര്‍ദെ. ഇറ്റലി (1982), അയര്‍ലാന്‍ഡ് (1990), ചിലി (1998) എന്നീ ടീമുകളാണ് ഇതിന് മുമ്പ് ലോകകപ്പില്‍ മൂന്ന് സമനിലകളുമായി അടുത്ത റൗണ്ടിലേക്ക് കടന്നത്.
റൗണ്ട് ഓഫ് 32ല്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെയാണ് വെര്‍ദെ നേരിടുക. ജൂലൈ നാലിനാണ് മത്സരം നടക്കുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ലയണല്‍ മെസിക്കും സംഘത്തിനും വെര്‍ദെ വെല്ലുവിളി സൃഷ്ടിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
വെറും ആറ് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള കേപ് വെര്‍ദെ തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ വിജയത്തോളം പോന്ന മൂന്ന് സമനിലകള്‍ നേടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോള്‍, ഇനിയും ഈ കുഞ്ഞന്‍ രാജ്യം ലോകകപ്പില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Cape Verde remains unbeaten after completing all three matches in the 2026 World Cup group stage