2026 ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള ‘ഹ്യുണ്ടായി ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പുരസ്‌കാരം സ്വന്തമാക്കി കേപ് വെര്‍ദെ പ്രതിരോധതാരം സിഡ്‌നി ലോപസ് കബ്രാല്‍. നിലവിലെ ലോകകപ്പ് റണ്ണേഴ്‌സ് അപ് ആയ അര്‍ജന്റീനയ്ക്കെതിരെ റൗണ്ട് ഓഫ് 32ല്‍ ലോപസ് നേടിയ അതിഗംഭീര ലോങ് റെയ്ഞ്ചര്‍ ഗോളാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്. 2026ല്‍ പിറന്ന 308 ഗോളുകളില്‍ നിന്നാണ് കേപ് വെര്‍ദെ സൂപ്പര്‍ താരത്തിന്റെ മിന്നും ഗോളിനെ തേടി അംഗീകാരം എത്തുന്നത്.
മയാമിയില്‍ നടന്ന മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു (103ാം മിനിട്ടില്‍) കബ്രാലിന്റെ ഐതിഹാസിക ഗോള്‍ അര്‍ജന്റീനയുടെ വലയിലെത്തിയത്. ഇടത് വിങ്ങിലൂടെ മുന്നേറിയ താരം ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത കര്‍വ്ഡ് ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ നിസഹായനാക്കി വലയിലെ വലത് ഭാഗത്തെ ടോപ് കോര്‍ണറില്‍ എത്തുകയായിരുന്നു. ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഗോളുകളിലൊന്നായി തന്നെ ആ ഗോളിനെ ലോക ഫുട്‌ബോള്‍ നിരീക്ഷകര്‍ വാഴ്ത്തിയിരുന്നു.
ലോകകപ്പില്‍ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ കേപ് വെര്‍ദെയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ലോപസ് കാഴ്ചവെച്ചത്. ലോക ഫുട്‌ബോളിലെ നിരവധി സൂപ്പര്‍താരങ്ങളുടെ ഗോളുകളെ പിന്തള്ളിയാണ് അദ്ദേഹത്തിന്റെ ഈ ഗോള്‍ ആരാധകരുടെ വോട്ടെടുപ്പില്‍ ‘ഹ്യുണ്ടായി ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പുരസ്‌കാരത്തിന് അര്‍ഹമായത്.
അതേസമയം നിര്‍ണായകമായ മത്സരത്തില്‍ ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമിന്റെ പോരാട്ടവീര്യത്തില്‍ പതറിയ ശേഷമാണ് അര്‍ജന്റീനയുടെ വിജയം.
മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി ഒരു ഗോള്‍ നേടി മിന്നും പ്രകടനം നടത്തിയ നായകന്‍ ലയണല്‍ മെസി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. മത്സത്തില്‍ 29-ാം മിനിട്ടില്‍ മെസിയാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്.