ന്യൂദല്‍ഹി: പ്രക്ഷോഭങ്ങള്‍ക്കെതിരെ കാരണമില്ലാതെ ലാത്തിച്ചാര്‍ജ് പോലുള്ള നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. പ്രക്ഷോഭം നടത്തി എന്നത് ലാത്തിച്ചാര്‍ജിനുള്ള കാരണമാവരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ദല്‍ഹി ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേര്‍ക്കുള്ള പൊലീസ് അതിക്രമത്തിനെതിരെയുള്ളവ അടക്കമുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള പരാമര്‍ശം. പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ ഭരണ ഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘പ്രതിഷേധിക്കാനുള്ള അവകാശം, സമാധാനപരമായ പ്രതിഷേധം, നിയമാനുസൃതമായ പ്രതിഷേധം എന്നിവയെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യങ്ങളാണ്. സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് നേര്‍ക്ക്, അവ പ്രക്ഷോഭങ്ങളാണെന്നതുകൊണ്ട് മാത്രം അതിരു കടന്ന നടപടികള്‍ സ്വീകരിക്കരുത്,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ നിലവിലുണ്ടായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഉണ്ടാകരുത്. എന്നാല്‍ പ്രക്ഷോഭത്തില്‍ സാമൂഹ്യ വിരുദ്ധരോ മറ്റാരെങ്കിലുമോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവ ഗൗരവമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
‘ഒരു പ്രോട്ടോക്കോള്‍ നിലവിലുണ്ടായിരിക്കണം. ഒരു വിഷയത്തില്‍ അവര്‍ പ്രക്ഷോഭം നടത്താന്‍ കരുതുന്നുലെങ്കില്‍… അവര്‍ക്ക് ശരിയായ ഇടം ലഭ്യമായിരിക്കണം… അതില്‍ എന്തെങ്കിലും നിയന്ത്രണങ്ങളോ തടസങ്ങളോ ഉണ്ടാകരുത്.
എന്നാല്‍ മറ്റാരെങ്കിലും, ഏതെങ്കിലും സാമൂഹിക വിരുദ്ധര്‍, അല്ലെങ്കില്‍ ആരെങ്കിലും, എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് തീര്‍ച്ചയായും ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ സ്വതന്ത്രമായി പരിശോധിക്കപ്പെടണം. ആരാണ് ഉത്തരവാദികളെന്നും ഏത് തരം അതിക്രമങ്ങളാണ് നടന്നതെന്നും പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
‘അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, അവ സ്വതന്ത്രമായി പരിശോധിക്കണം. ആരാണ് ഉത്തരവാദികള്‍ എന്ന് പരിശോധിക്കണം? ഏത് തരത്തിലുള്ള അതിക്രമങ്ങളാണ് നടന്നിരിക്കുന്നത്? (അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍) പ്രതിരോധ നടപടികളും നിര്‍ബന്ധിത മാര്‍ഗനിര്‍ദ്ദേശങ്ങളും എന്തൊക്കെയാണ്?’ അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേര്‍ക്കുള്ള പൊലീസിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ രാജ്യ സഭാ എം.പി. മനോജ് ഝാ സമര്‍പ്പിച്ച ഹരജി അടക്കമുള്ളവയാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി. മോഹനയും അടങ്ങിയ ബഞ്ച് പരിഗണിച്ചത്. ഹരജികള്‍ നാളത്തേക്ക് വാദം കേള്‍ക്കാന്‍ മാറ്റി.
ഈ ഹരജികള്‍ ഇന്ന് പരിഗണിക്കാനായിരുന്നു കോടതി തീരുമാനിച്ചത്. എന്നാല്‍ കൂടുതല്‍ ഹരജികള്‍ വന്നതോട് കൂടി നാളത്തേക്ക് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കുള്ള പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ക്ക് പുറമെ പൊലീസുകാര്‍ക്ക് സമരക്കാരില്‍ നിന്ന് അക്രമങ്ങള്‍ നേരിട്ടു എന്ന് പറഞ്ഞുള്ള ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്.
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.