ന്യൂദല്‍ഹി: സാമ്പത്തികപരിഷ്‌കാരത്തിന്റെ രണ്ടാംഘട്ട നടപടികള്‍ യു.പി.എ. സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സിലും പെന്‍ഷന്‍ഫണ്ടിലുമാണ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഈ മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി.
ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുമൂലം നീട്ടിവെച്ച തീരുമാനങ്ങള്‍ക്കാണ് ഇപ്പോള്‍ പച്ചക്കൊടി കാണിച്ചത്. എങ്കിലും ഇവ സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാറിന് പാര്‍ലമെന്റിലെ അംഗീകാരം കൂടിയേ തീരൂ. ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്ലും പെന്‍ഷന്‍ഫണ്ട് നിയന്ത്രണ അതോറിറ്റി ബില്ലും പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.[]
ഈ ബില്ലുകള്‍ക്ക് സമവായത്തിലൂടെ പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. മുഖ്യപ്രതിപക്ഷകക്ഷിയായ ബി.ജെ.പി പല മേഖലകളിലും വിദേശനിക്ഷേപത്തെ പിന്താങ്ങുമെന്ന് പറഞ്ഞതിന് രേഖയുണ്ടെന്ന് മന്ത്രിസഭാതീരുമാനം വിശദീകരിച്ച് ധനമന്ത്രി പി.ചിദംബരം പറഞ്ഞു. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്തുന്നതിന്റെ നേട്ടം സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ലഭിക്കുക. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൊതുമേഖലയില്‍ത്തന്നെ തുടരും. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപപരിധിതന്നെയാണ് പെന്‍ഷന്‍ഫണ്ടിനും ബാധകം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ പ്രതിപക്ഷം ഒരു ദശാബ്ദത്തോളമായി എതിര്‍ത്തുവരുന്ന ബില്ലുകള്‍ക്കാണ് വ്യാഴാഴ്ച ഒറ്റയടിക്ക് അനുമതി നല്‍കിയത്. പെന്‍ഷന്‍ മേഖലയില്‍ ഇതുവരെ വിദേശനിക്ഷേപം അനുവദിച്ചിരുന്നില്ല. ഇന്‍ഷൂറന്‍സ് മേഖലയില്‍ 26 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്.
2008ലാണ് ഇന്‍ഷുറന്‍സ് നിയമ (ഭേദഗതി) ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്‍ പിന്നീട് ബി.ജെ.പി.നേതാവ് യശ്വന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടു. സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ തങ്ങള്‍ സ്വീകരിച്ചിരിക്കുകയാണെന്ന് ചിദംബരം അറിയിച്ചു. എന്നാല്‍, വിദേശനിക്ഷേപം 49 ശതമാനമാക്കുന്നതിനോട് കമ്മിറ്റി യോജിച്ചിരുന്നില്ല. ഇത് 26 ശതമാനം തന്നെയായി തുടരാനായിരുന്നു ശുപാര്‍ശ.
എന്നാല്‍, സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വന്‍മൂലധനം ആവശ്യമുള്ളതായി ഐ.ആര്‍.ഡി.എ അധ്യക്ഷന്‍ ഈയിടെ ചൂണ്ടിക്കാട്ടിയത് ചിദംബരം എടുത്തുപറഞ്ഞു. ഇതുകൂടി കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. സ്വകാര്യമേഖലയ്ക്ക് ഇന്‍ഷുറന്‍സ്‌മേഖല തുറന്നുനല്‍കിയത് 2000ത്തിലാണ്.
2011 മാര്‍ച്ചിലാണ് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍ ലോക്‌സഭയില്‍ വന്നത്. കഴിഞ്ഞ സപ്തംബറില്‍ സ്റ്റാന്റിങ് കമ്മിറ്റി അതിന്റെ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ ശുപാര്‍ശകളില്‍ അഞ്ചെണ്ണം സ്വീകരിച്ചതായി ചിദംബരം അറിയിച്ചു. ആദ്യബില്ലില്‍ വിദേശനിക്ഷേപത്തിന് വകുപ്പില്ലായിരുന്നു. യശ്വന്ത് സിന്‍ഹയുടെ തന്നെ നേതൃത്വത്തിലുള്ള സ്റ്റാന്റിങ് കമ്മിറ്റി 26 ശതമാനം വിദേശനിക്ഷേപം ശുപാര്‍ശചെയ്തു. ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടിയില്ല. 2012 ജൂണില്‍ തൃണമൂലിന്റെ എതിര്‍പ്പുകാരണം മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനം മാറ്റിവെക്കുകയായിരുന്നു.
ബില്‍പ്രകാരം പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് വിവിധ പെന്‍ഷന്‍ഫണ്ടുകളുടെ മേല്‍നോട്ടം നടത്താനുള്ള അധികാരം ഉണ്ടായിരിക്കും. മംഗലാപുരം, കോയമ്പത്തൂര്‍, ലഖ്‌നൗ, വാരണാസി, തിരുച്ചിറപ്പള്ളി എന്നീ വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്രപദവി നല്‍കാനും കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു.