മധ്യപ്രദേശിലെ ചരിത്രനഗരമായ ഉജ്ജയിൻ. 1390-ൽ നിർമ്മിക്കപ്പെട്ട, ആറു നൂറ്റാണ്ടിലധികം പഴക്കമുള്ള ഷാഹി മസ്ജിദ് തലയുയർത്തി നിൽക്കുന്ന ഭൂമി. എന്നാൽ, ബിജെപി സർക്കാർ ഭരിക്കുന്ന ഈ സംസ്ഥാനത്ത് സിംഹസ്ഥ കുംഭമേളയുടെ പേരിൽ ആ പൗരാണിക സ്മാരകത്തിന് മേൽ കരിനിഴൽ വീഴുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 2028-ലെ സിംഹസ്ഥ കുംഭമേളയുടെയും റോഡ് വികസനത്തിന്റെയും പേര് പറഞ്ഞ് ചരിത്രസ്മാരകങ്ങൾ ഇല്ലാതാക്കപ്പെടുമ്പോൾ, അത് ഉയർത്തുന്നത് കേവലം റോഡ് വീതികൂട്ടലിന്റെ പ്രശ്നമല്ല, മറിച്ച് ന്യൂനപക്ഷ ആരാധനാലയങ്ങളുടെ പൈതൃകവും നിലനിൽപ്പും ഭരണഘടനാപരമായ അവകാശങ്ങളും എങ്ങനെ ചോദ്യം ചെയ്യപ്പെടുന്നു എന്നതിന്റെ കൃത്യമായ പ്രതിഫലനമാണ്.
ഉജ്ജയിൻ ഷാഹി മസ്ജിദ്; ബുൾഡോസർ നടപടിയും പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധവും
ഉജ്ജയിൻ നഗരമധ്യത്തിൽ തലയുയർത്തി നിന്നിരുന്ന ഷാഹി മസ്ജിദിന്റെ പ്രാർത്ഥനാ ഹാളും 120 അടി ഉയരമുള്ള ചരിത്രപ്രസിദ്ധമായ മിനാരവും റോഡ് വികസനത്തിനായി പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ഞായറാഴ്ച രാത്രി ഇരുളുവീണതോടെ നഗരത്തിൽ വലിയ ഭീതി പടർന്നു. ജെ.സി.ബികളും ബുൾഡോസറുകളുമായി പോലീസ് സന്നാഹം പള്ളിയിലേക്ക് നീങ്ങുന്നുവെന്ന വാർത്ത പടർന്നതോടെ, പ്രായമായവരും യുവാക്കളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിന് ആളുകൾ പള്ളി പരിസരത്തേക്ക് ഒഴുകിയെത്തി.

സ്വന്തം ജീവൻ കൊടുത്തും ആരാധനാലയം സംരക്ഷിക്കുമെന്ന ദൃഢനിശ്ചയത്തിൽ അവർ രാത്രി മുഴുവൻ പള്ളിക്കുള്ളിൽ പ്രാർത്ഥനകളോടെ കാവലിരുന്നു.
‘വർഷങ്ങളായി നടക്കുന്ന സിംഹസ്ഥ കുംഭമേളകളിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് പള്ളികളിലും മദ്രസകളിലും താമസസൗകര്യമൊരുക്കിയും, കുടിവെള്ളവും ഭക്ഷണവും മരുന്നും നൽകിയും സഹായിച്ചവരാണ് ഞങ്ങൾ. ഭരണകൂടത്തിന്റെ വികസന ആവശ്യങ്ങൾക്ക് പലതവണ റോഡ് പണികൾക്കായി ഭൂമിയും കടകളും സന്തോഷത്തോടെ വിട്ടുനൽകിയ ചരിത്രമുണ്ട്. എന്നാൽ ഇനിയൊരു പള്ളി വിട്ടുനൽകാൻ ഞങ്ങൾക്ക് കഴിയില്ല; ഞങ്ങളുടെ വികാരങ്ങൾ മാനിച്ച് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും പിന്തുണയുണ്ടാകണം,’ കണ്ണീരോടെ പ്രദേശവാസികൾ അധികൃതരോട് അപേക്ഷിച്ചു.
എന്നാൽ തിങ്കളാഴ്ച പുലർച്ചെ സ്ഥിതിഗതികൾ ഭീകരമായി മാറി. അധികൃതരുടെ മുന്നറിയിപ്പുകളെ തള്ളി ജനങ്ങൾ ഒത്തുകൂടിയതോടെ തെരുവ് യുദ്ധക്കളമായി മാറി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ചിതറിയോടുന്ന മനുഷ്യരും കല്ലേറും ആകാശത്തേക്ക് ഉയർന്ന പുകപടലങ്ങളും ഉജ്ജയിനെ ഭീതിയിലാഴ്ത്തി. തങ്ങളുടെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും അടയാളം തകർന്നടിയുന്നത് നോക്കിനിൽക്കാൻ കഴിയാത്ത ഒരു ജനതയുടെ രോഷവും നിസഹായാവസ്ഥയുമാണ് ആ തെരുവുകളിൽ അലയടിച്ചത്.

കുംഭമേളയുടെ ചരിത്രവും പള്ളിയുടെ നിർമ്മാണവും: ചരിത്രപരമായ വസ്തുതകൾ
ഈ വിവാദത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം ഇതിന്റെ ചരിത്രപരമായ കാലഗണനയാണ്. ഉജ്ജയിനിലെ സിംഹസ്ഥ കുംഭമേളയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, അതിന് ആധുനികമായ സംഘാടനവും പുനരുജ്ജീവനവും ലഭിക്കുന്നത് 1740-കളിൽ ഗ്വാളിയോർ ഭരണാധികാരിയായ രണോജി ഷിൻഡെയുടെ ഭരണകാലത്താണ്. തുടർന്നുണ്ടായ മറാത്താ ഭരണാധികാരികളുടെ പിന്തുണയോടെയാണ് ഇന്നത്തെ രീതിയിലുള്ള വിപുലമായ കുംഭമേള മഹാമഹം ഉജ്ജയിനിൽ പതിവായി നടന്നുതുടങ്ങിയത്.

ഉജ്ജയിൻ മഹാ കുംഭമേള
എന്നാൽ, ഇതിനും നൂറ്റാണ്ടുകൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1390-ൽ പണികഴിപ്പിക്കപ്പെട്ടതാണ് ഉജ്ജയിനിലെ ഷാഹി മസ്ജിദ്. അതായത്, സിംഹസ്ഥ കുംഭമേള റാണോജി ഷിൻഡെ പുനരാരംഭിക്കുന്നതിനും 350-ലധികം വർഷങ്ങൾക്ക് മുൻപേ ആ മണ്ണിൽ നിർമ്മിതമായ പൗരാണിക സ്മാരകമാണിത്. ആറു നൂറ്റാണ്ടിലധികം കാലം വിവിധ മതവിഭാഗങ്ങളുടെ സൗഹാർദ്ദപരമായ സഹവർത്തിത്വത്തിന് സാക്ഷ്യം വഹിച്ച ഒരു ചരിത്രനിർമ്മിതിയെയാണ് 2028-ലെ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് 15 മീറ്ററായി വീതികൂട്ടുന്നതിന്റെ പേരിൽ ഭാഗികമായി ഇടിച്ചുനിരത്താൻ ഭരണകൂടം തുനിഞ്ഞത്.
കാലങ്ങളായി മേളയിലെത്തുന്ന ഹൈന്ദവ തീർത്ഥാടകരെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്ത ഒരു ജനതയുടെ പൈതൃകം ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നു.
നിയമപോരാട്ടങ്ങളും ഹൈക്കോടതിയുടെ നിലപാടും
തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ മസ്ജിദിന്റെ കമ്മിറ്റി നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന:
* ആർട്ടിക്കിൾ 14: നിയമത്തിന് മുന്നിലെ തുല്യത
* ആർട്ടിക്കിൾ 25: മതസ്വാതന്ത്ര്യം
* ആർട്ടിക്കിൾ 26: മതപരമായ കാര്യങ്ങൾ സ്വയം നിർവഹിക്കാനുള്ള സ്വാതന്ത്ര്യം
എന്നിവയുടെ നഗ്നമായ ലംഘനമാണ് മുൻസിപ്പൽ കോർപ്പറേഷന്റെ നടപടിയെന്ന് അവർ വാദിച്ചു. വഖഫ് ബോർഡിന്റെ അംഗീകാരമില്ലാതെ ഇത്തരം പൈതൃക സ്വത്തുക്കൾ പൊളിച്ചുനീക്കാൻ കഴിയില്ലെന്നും ഹരജിക്കാർ വ്യക്തമാക്കി.
എന്നാൽ, സെപ്റ്റംബർ 9-ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ ഹരജികൾ തള്ളുകയായിരുന്നു. 2028-ൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയിൽ കോടിക്കണക്കിന് ഭക്തർ ഉജ്ജയിനിലെത്തുന്നതിനാൽ അവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതുപോലുള്ള വലിയ പൊതുതാത്പ്പര്യങ്ങൾക്ക് വ്യക്തിപരമോ മതപരമോ ആയ താത്പ്പര്യങ്ങളേക്കാൾ മുൻഗണന നൽകണമെന്ന് കോടതി വ്യക്തമാക്കി.
അതോടൊപ്പം, റോഡ് വീതികൂട്ടാൻ തടസ്സമാകുന്ന എല്ലാ മതപരമായ നിർമിതികളോടും ഒരേ സമീപനമാണ് കോർപ്പറേഷൻ സ്വീകരിക്കുന്നതെന്നും, അതിനാൽ ഇത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും മുൻസിപ്പൽ നിയമങ്ങൾ പാലിച്ചുള്ള നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.
തുടർന്ന് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയെങ്കിലും, റോഡിന്റെ അലൈൻമെന്റിൽ വരുന്ന ഭാഗം മാത്രം പള്ളി കമ്മിറ്റി തന്നെ വിട്ടുകൊടുക്കാൻ ഒത്തുതീർപ്പുണ്ടാകുകയായിരുന്നു. 636 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കുമ്പോൾ അത് ആ കെട്ടിടത്തെ മുഴുവനായി ബാധിക്കും. ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഒടുവിൽ പള്ളിയുടെ മുൻഭാഗം വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും നിയമപോരാട്ടത്തിന്റെ ആശങ്കകൾ ഇനിയും മാഞ്ഞിട്ടില്ല.
ബാബ്‌റി മസ്ജിദ് മുതൽ തുടരുന്ന തകർക്കലുകളുടെ ചരിത്രവും പശ്ചാത്തലവും
ഉജ്ജയിനിലെ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും, സ്വതന്ത്ര ഇന്ത്യയിൽ ബാബ്‌റി മസ്ജിദ് തകർത്തത് മുതൽ ആരംഭിച്ച ഒരു വലിയ രാഷ്ട്രീയ അജണ്ടയുടെ തുടർച്ചയാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിവിധ കാലങ്ങളിൽ രാജ്യത്ത് നടന്ന പ്രധാന പള്ളി പൊളിക്കലുകൾ താഴെ പറയുന്നവയാണ്
* ബാബ്‌റി മസ്ജിദ് (അയോധ്യ, 1992):
പതിനാറാം നൂറ്റാണ്ടിലെ ബാബ്‌റി മസ്ജിദ് 1992 ഡിസംബർ 6-ന് കർസേവകരാൽ തകർക്കപ്പെട്ടത് ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ മാറ്റിയ സംഭവമായിരുന്നു. ചരിത്രപരമായ മുസ്‌ലിം നിർമ്മിതികളെ ‘അധിനിവേശത്തിന്റെ ചിഹ്നങ്ങൾ’ ആയി മുദ്രകുത്തി തകർക്കുന്ന പ്രവണതയ്ക്ക് ഇത് ആക്കം കൂട്ടി.

* അഖൂൻജി മസ്ജിദ് (മെഹ്‌റൗളി, ന്യൂദൽഹി – 2024):
ദൽഹി സൽത്തനത്ത് കാലത്ത് പണിത, 600-ലധികം വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ അഖൂൻജി മസ്ജിദും മദ്രസയും ഖബറിസ്ഥാനും 2024 ജനുവരിയിൽ പുലർച്ചെയാണ് ദൽഹി ഡെവലപ്‌മെന്റ് അതോറിറ്റി ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. സഞ്ജയ് വൻ റിസർവ് ഫോറസ്റ്റിലെ അനധികൃത കയ്യേറ്റം എന്നതായിരുന്നു ഔദ്യോഗിക ന്യായം. മുൻകൂർ നോട്ടീസ് പോലുമില്ലാതെ നൂറ്റാണ്ടുകളുടെ പൈതൃകമാണ് മണിക്കൂറുകൾക്കുള്ളിൽ മണ്ണടിഞ്ഞത്.
* ഗരീബ് നവാസ് മസ്ജിദ് (ബാരബങ്കി, ഉത്തർപ്രദേശ് – 2021):
വഖഫ് ബോർഡിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്ന രാം സ്നേഹി ഘട്ടിലെ ഗരീബ് നവാസ് മസ്ജിദ് ജില്ലാ ഭരണകൂടം അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് പൊളിച്ചുമാറ്റി. പ്രദേശത്ത് കനത്ത നിരോധനാജ്ഞ ഏർപ്പെടുത്തി മാധ്യമങ്ങൾക്ക് പോലും പ്രവേശനം നിഷേധിച്ചുകൊണ്ടായിരുന്നു ആ നടപടി.
* ഷംസി മസ്ജിദും മദ്രസയും (ഹൽദ്വാനി, ഉത്തരാഖണ്ഡ് – 2024):
നഗരസഭയുടെ ‘നസ്സാ ഭൂമി’ കയ്യേറിയെന്ന് കാണിച്ച് അധികൃതർ ബുൾഡോസറുമായി എത്തിയതിനെ തുടർന്ന് ഹൽദ്വാനിയിൽ രക്തരൂക്ഷിതമായ സംഘർഷം നടന്നു. പൊലീസ് വെടിവെപ്പിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
* ഷാഹി മസ്ജിദ് (പ്രയാഗ്‌രാജ്, ഉത്തർപ്രദേശ് – 2023):
ഗ്രാൻഡ് ട്രങ്ക് (GT) റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പതിനാറാം നൂറ്റാണ്ടിൽ ഷേർഷാ സൂരിയുടെ കാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന പ്രയാഗ്‌രാജിലെ ഷാഹി മസ്ജിദ് റോഡ് വികസനത്തിന് തടസ്സമാണെന്ന് കാണിച്ച് ഭരണകൂടം പൊളിച്ചുനീക്കി.
* സൂഫി അംബേ ഷാ മസ്ജിദും സോമനാഥിലെ നടപടികളും (ഗുജറാത്ത്):
സൂഫി അംബേ ഷാ മസ്ജിദ് അടക്കം നിരവധി പുരാതന നിർമ്മിതികൾ ഗതാഗത തടസ്സമെന്ന പേരിൽ ഗുജറാത്തിൽ പൊളിച്ചുമാറ്റി. കൂടാതെ, 2024 സെപ്റ്റംബറിൽ ഗിർ സോമനാഥിൽ പുരാതന സോമനാഥ ക്ഷേത്ര പരിസരത്തെ സർക്കാർ ഭൂമി ഒഴിപ്പിക്കാനെന്ന പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒമ്പതോളം ദർഗകളും പള്ളികളും ഒറ്റ രാത്രികൊണ്ട് ഇടിച്ചുനിരത്തി.
* ദൽഹി സെൻട്രൽ വിസ്ത പ്രോജക്റ്റും സുൻഹരി മസ്ജിദും:
തലസ്ഥാന നഗരിയിലെ അതീവ സുരക്ഷാ മേഖലയായ ലുട്ട്യൻസ് ദൽഹിയിൽ, കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി സുൻഹരി ബാഗ് റൗണ്ട് എബൗട്ടിലെ ഗതാഗതം സുഗമമാക്കാൻ 150-ലധികം വർഷം പഴക്കമുള്ള ‘സുൻഹരി മസ്ജിദ്’ നീക്കം ചെയ്യാനുള്ള എൻ.ഡി.എം.സിയുടെ നീക്കങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സ്വാതന്ത്ര്യസമര സേനാനി മൗലാനാ ഹസ്രത്ത് മോഹാനിയുടെ സ്മരണകൾ ഉറങ്ങുന്നതും ഗ്രേഡ്-III പൈതൃക പട്ടികയിലുള്ളതുമായ ഈ പള്ളി നിലനിർത്തണമെന്ന് പൈതൃക സംരക്ഷകരും വിശ്വാസികളും ശക്തമായി വാദിക്കുമ്പോൾ, ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റിയുടെ അനുമതിയും കൃത്യമായ പരിശോധനയുമില്ലാതെ പൊളിക്കൽ പാടില്ലെന്ന കർശന നിലപാടിലാണ് ദൽഹി ഹൈക്കോടതി. നഗര നവീകരണവും വികസനവും മുന്നോട്ട് വെക്കുന്ന ഭരണകൂട കാഴ്ചപ്പാടും, ചരിത്രപരമായ പൈതൃകവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന നിലപാടും തമ്മിലുള്ള തർക്കമായി ഈ വിഷയം ഇന്നും ലുട്ട്യൻസ് ദൽഹിയിൽ ഒരു ആശങ്കയായി തുടരുകയാണ്.
വികസനത്തിന്റെ മറവിലെ രാഷ്ട്രീയവും ഭീതിയുടെ നിഴലുകളും
ഇത്തരം ഭൂരിഭാഗം സംഭവങ്ങളിലും സർക്കാർ രേഖകളിൽ കാണിക്കുന്നത് ‘പൊതുതാത്പ്പര്യം’, ‘റോഡ് വീതികൂട്ടൽ’, ‘അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ’ എന്നീ ഭരണപരമായ ന്യായങ്ങളാണ്. എന്നാൽ, 1947 ഓഗസ്റ്റ് 15-ലെ ആരാധനാലയങ്ങളുടെ സ്ഥിതി മാറ്റരുതെന്ന് അനുശാസിക്കുന്ന 1991-ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെത്തന്നെ, വികസനത്തിന്റെയും ഒഴിപ്പിക്കലിന്റെയും മറവിൽ പൈതൃക മസ്ജിദുകൾ തുടർച്ചയായി ലക്ഷ്യമിടപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്.
സെപ്റ്റംബർ 28-ന് നഗരസഭ പൊളിച്ചുനീക്കൽ നടപടി ആരംഭിച്ചതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹൈക്കോടതിയിൽ നടന്ന ചർച്ചകളിലൂടെയാണ് വിഷയത്തിൽ നിർബന്ധിതഒത്തുതീർപ്പിലെത്തിയത്; മസ്ജിദ് കമ്മിറ്റിക്ക് നഗരസഭ നൽകിയ ഉറപ്പുകൾ ഹൈക്കോടതി നിയമപരമായി ബാധകമാക്കുകയും ചെയ്തു. മധ്യപ്രദേശിൽ ബി.ജെ.പിയാണ് ഭരണത്തിലുള്ളത്. ഉജ്ജയിൻ നഗരസഭയും ബി.ജെ.പി നിയന്ത്രണത്തിലാണ്. അതിനാൽ വികസന പദ്ധതിയെയും ആരാധനാലയത്തെയും ചുറ്റിപ്പറ്റിയുള്ള ഈ തർക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവും കൈവന്നിട്ടുണ്ട്. തെരുവുകളിൽ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും ഒടുങ്ങിയെങ്കിലും, അവിടുത്തെ ന്യൂനപക്ഷ ജനതയുടെ മനസ്സിൽ ഭയം ഇപ്പോഴും തങ്ങിനിൽക്കുന്നു. കുംഭമേളയുടെയും വികസനത്തിന്റെയും പേരിൽ ഇല്ലാതാക്കപ്പെടുന്നത് വെറുമൊരു കെട്ടിടത്തിന്റെ ചുവരുകളോ കല്ലുകളോ മാത്രമല്ല; തലമുറകളായി കാത്തുസൂക്ഷിച്ച ഒരു ജനതയുടെ ചരിത്രവും സംസ്കാരവും അവരുടെ ആത്മാഭിമാനവുമാണ്.
Content Highlight:Bulldozers Rushing Over Heritage
