നിങ്ങള്‍ക്കറിയാമോ? കര്‍ണാടകത്തിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ; യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്ത്
Karnataka crisis
നിങ്ങള്‍ക്കറിയാമോ? കര്‍ണാടകത്തിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ; യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്ത്
ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 5:51 pm

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖയിലാണ് യെദ്യൂരപ്പ ഷായുടെ ഇടപെടലിനെക്കുറിച്ച് വിവരിക്കുന്നത്.

കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നുമെത്തിയ എം.എല്‍.എമാരോട് മാന്യമായി ഇടപെടണമെന്ന്് യെദ്യൂരപ്പ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍നിന്ന് 17 എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയിലെത്തിയതോടെയായിരുന്നു കര്‍ണാടകയില്‍ അവര്‍ അധികാരത്തിലെത്തിയത്.

ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് സഖ്യത്തില്‍നിന്നുള്ള എം.എല്‍.എമാരുടെ കൂറുമാറ്റവും തുടര്‍ന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതും അറിയാമായിരുന്നു.

‘നിങ്ങള്‍ക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല. ദേശീയാധ്യക്ഷന് അതിനെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതും എല്ലാ ഏര്‍പ്പാടുകള്‍ നടത്തിയതും ചുക്കാന്‍ പിടിച്ചതും. നിങ്ങള്‍ക്കറിയാമോ?, മുംബൈയിലേക്ക് കൊണ്ടുപോയ ആ 17 പേര്‍ക്കും മൂന്ന് നാല് മാസത്തേക്ക് അവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്തിനേറെ, ആ കാലയളവില്‍ അവര്‍ അവരുടെ കുടുംബത്തെപ്പോലും കണ്ടിട്ടില്ല. നിങ്ങള്‍ക്കതെന്തെങ്കിലും അറിയുമോ? ഇല്ലല്ലോ?’, ഫോണ്‍ സംഭാഷണത്തില്‍ യെദ്യൂരപ്പ പറയുന്നതിങ്ങനെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പതിവിന് വിപരീതമായി, ഈ ഭരണകാലയളവില്‍ പ്രതിപക്ഷത്തിരിക്കേണ്ട നമ്മളെ അവരാണ് സഹായിച്ചത്. ഭരണ കക്ഷിയാകാന്‍ അവര്‍ നമ്മളെ സഹായിച്ചു. അവര്‍ അവരുടെ എം.എല്‍.എ സ്ഥാനം രാജിവച്ചു. സുപ്രീംകോടതിവരെ പോയി. ഇതെല്ലാം അറിഞ്ഞുതന്നെ എന്ത് സംഭവിച്ചാലും നമ്മള്‍ അവരുടെ കൂടെ നില്‍ക്കണം’.

‘നിങ്ങളിലാരുമിത് പറഞ്ഞിട്ടില്ല. ഞാന്‍ നിങ്ങളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല. സോറി. എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമൊന്നുമില്ല. ഞാന്‍ മൂന്നോ നാലോ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ്. ഞാനിത് കണ്ടിട്ടുണ്ട്. അവര്‍ എന്നില്‍ വിശ്വസിച്ചതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായത് ഒരു തെറ്റായിരുന്നെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്’, പുറത്തുവന്ന ശബ്ദരേഖയില്‍ യെദ്യൂരപ്പ പറഞ്ഞു.

യെദ്യൂരപ്പയുടെ ഈ ഫോണ്‍സംഭാഷണം സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ചോര്‍ന്ന ശബ്ദരേഖയുടെ ആധികാരികതയെക്കുറിച്ചറിയാന്‍ എന്‍.ഡി ടി.വി യെദ്യൂരപ്പയെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം നിഷേധിച്ചില്ല. ബി.ജെ.പിയില്‍ താല്‍പര്യമുള്ള പ്രവര്‍ത്തകരോടാണ് താന്‍ ഫോണില്‍ സംസാരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഹുബ്ബള്ളി മണ്ഡലത്തില്‍ സഖ്യത്തില്‍നിന്നും ബി.ജെ.പിയിലേക്കെത്തിയ ആളുകളോട് ചില പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ