2026 ഫിഫ ലോകകപ്പ് ആവേശത്തിനിടെ ലോക ശ്രദ്ധ നേടി കോഴിക്കോടും. ലോകകപ്പില്‍ ആരാധകരുടെ ആവേശം അലയടിച്ച പുതിയ പാലത്തെ ബിഗ് സ്‌ക്രീനിലെ പ്രദര്‍ശനമാണ് കോഴിക്കോടിന്റെ ഫുട്‌ബോള്‍ ആവേശത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുന്നത്.
പുതിയ പാലത്തെ ആരാധകരുടെ ആവേശം ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ (സി.ബി.എഫ്) തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള ബ്രസീലിന്റെ മത്സരത്തിനിടെയുള്ള ആരാധകരുടെ ആവേശമാണ് വിഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. മത്സരത്തിന്റെ 60ാം മിനിട്ടില്‍ ബ്രസീലിനായി മാത്യൂസ് കുന്‍ഹ ഗോള്‍ നേടിയപ്പോള്‍ ഉണ്ടായ ആരാധകരുടെ വലിയ ആവേശമായിരുന്നു സി.ബി.എഫ് പങ്കുവെച്ച വിഡിയോയില്‍ ഉണ്ടായിരുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഘോഷങ്ങളുടെ വിഡിയോയായിരുന്നു ഇത്. ബംഗ്ലാദേശ്, ബ്രസീല്‍, ദുബായ് എന്നിവടങ്ങളിലെ ആരാധകരുടെ ആവേശവും വിഡിയോയില്‍ കാണാന്‍ സാധിക്കും.
ഇതാദ്യമായല്ല കോഴിക്കോടിലെ ഫുട്‌ബോള്‍ ആവേശം ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2022 ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് കേരളത്തില്‍ സ്ഥാപിച്ച സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോ, മെസി, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഫിഫ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
കോഴിക്കോടിലെ കൊടുവള്ളിക്കടുത്തുള്ള പുള്ളാവൂര്‍ പുഴയുടെ തീരത്ത് സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളുടെ ചിത്രങ്ങളാണ് ഫിഫ അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.
അതേസമയം ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി 10.30ന് ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ വമ്പന്മാരായ ജപ്പാനാണ് കാനറിപടയുടെ എതിരാളികള്‍.
ഗ്രൂപ്പ് സി-യില്‍ ചാമ്പ്യന്മാരായാണ് ബ്രസീല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും സ്‌കോട്ലന്‍ഡിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.