അവര്‍ ലോക ഫുട്‌ബോളിന് മുഴുവന്‍ മാതൃകയാണ്: സൂപ്പര്‍ ടീമിനെക്കുറിച്ച് കഫു
Football
അവര്‍ ലോക ഫുട്‌ബോളിന് മുഴുവന്‍ മാതൃകയാണ്: സൂപ്പര്‍ ടീമിനെക്കുറിച്ച് കഫു
Sudev A
Wednesday, 22nd April 2026, 11:15 am

ഈ സീസണില്‍ മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ പ്രശംസിച്ച് ബ്രസീലിയന്‍ ഇതിഹാസം കഫു. ബയേണ്‍ ലോക ഫുട്‌ബോളിന് മാതൃകയാണെന്നാണ് കഫു പറഞ്ഞത്. ലോകത്തിലുള്ള എല്ലാവരും ആഗ്രഹിക്കുന്ന ഫുട്‌ബോളാണ് ബയേണ്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും ബയേണിന്റെ മത്സരങ്ങള്‍ കാണുന്നത് അതിശയിപ്പിക്കുന്നതാണെന്നും ബ്രസീലിയന്‍ ഇതിഹാസം വ്യക്തമാക്കി. സ്പോര്‍ട്ടി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കഫു.

‘ഫുട്‌ബോളില്‍ ബയേണ്‍ ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃകയാണ്. ബയേണ്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണുന്നത് അതിശയകരമാണ്. സമീപ കാലങ്ങളില്‍ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ്ലീഗയിലും നമ്മള്‍ അത് കണ്ടിട്ടുണ്ട്. ലോകത്തില്‍ എല്ലാവരും ആഗ്രഹിക്കുന്ന ഫുട്‌ബോളാണ് ബയേണ്‍ കളിക്കുന്നത്. ഒരു എതിരാളിയെയും അവര്‍ക്ക് ഭയമില്ല. ഗോള്‍ വഴങ്ങിയാലും ഒരുപാട് ഗോളുകള്‍ തിരിച്ചടിക്കുമെന്ന് അവര്‍ക്കറിയാം,’കഫു പറഞ്ഞു.

പതിവ് പോലെ ഈ സീസണിലും ബുണ്ടസ്ലീഗ ചാമ്പ്യന്മാരായത് ബയേണ്‍ മ്യൂണിക്കാണ്. ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ തന്നെ ബയേണ്‍ കിരീടം നേടി. സ്റ്റുഡ്ഗാര്‍ഡിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് ബയേണ്‍ കിരീടം ഉറപ്പാക്കിയത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെയുള്ള ബവേറിയന്‍സിന്റെ 14ാം കിരീടമാണിത്. ചരിത്രത്തിലെ 34ാം ലീഗ് കിരീടവുമാണ് ബയേണ്‍ കൈപ്പിടിയിലാക്കിയത്. 109 ഗോളുകളാണ് ബയേണ്‍ ഈ സീസണില്‍ എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്. എതിരാളികള്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ജര്‍മന്‍ വമ്പന്മാര്‍ കുതിക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലും ബയേണ്‍ മുന്നേറുകയാണ്. നിലവില്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ബയേണ്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് ബയേണ്‍ സെമി ഫൈനല്‍ യോഗ്യത ഉറപ്പാക്കിയത്. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ 4-3 എന്ന ത്രില്ലര്‍ സ്‌കോറിനാണ് ബയേണ്‍ മ്യൂണിക്കിന്റെ വിജയം. ആദ്യ പാദ മത്സരത്തിലും (2-1) ബയേണ്‍ വിജയിച്ചിരുന്നു. 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് ബയേണ്‍ സെമിയിലേക്ക് മുന്നേറിയത്.

സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് ബയേണിന്റെ എതിരാളികള്‍. ഏപ്രില്‍ 29നാണ് ആദ്യ പാദ മത്സരം നടക്കുന്നത്. രണ്ടാം പാദ മത്സരം മെയ് ഏഴിനും നടക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിനെ വീഴ്ത്തിയാണ് പി.എസ്.ജി സെമിയിലെത്തിയത്. ഇരു പാദങ്ങളിലും രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാര്‍ ലിവര്‍പൂളിനെ കീഴടക്കിയത്.

Content Highlight: Brazilian Legend cafu praises Bayern Munich

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.