കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.ഐ.എം- ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറ്. സി.പി.ഐ.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടെയാണ് സംഭവം.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കഴിഞ്ഞിട്ട് ആറ് ദിവസം പിന്നിടുമ്പോഴും വടക്കന്‍ കേരളത്തില്‍ സി.പി.ഐ.എം – ബി.ജെ.പി സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഹര്‍ത്താലിനിടെ സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളായിരുന്നു ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിച്ചു വിട്ടത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടിയിരുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍.
