മെര്‍ലിന്‍ മണ്‍റോയുടെ ജീവിത കഥ പറയുന്ന ബ്ലോണ്ടിന്റെ ടീസര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ബ്ലോണ്ടിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. അനാ ഡി അര്‍മാസാണ് മര്‍ലിന്‍ മണ്‍റോയായി ചിത്രത്തില്‍ എത്തുന്നത്. ജോയ്‌സ് കരോള്‍ ഒട്‌സിന്റെ ബ്ലോണ്ട് എന്ന ബെസ്റ്റ് സെല്ലര്‍ നോവലിനെ ആധാരമാക്കിയാണ് ചിത്രമെടുക്കുന്നത്.

ആന്‍ഡ്രൂ ഡോമിനിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കന്നവാലെ, അഡ്രിയന്‍ ബ്രോഡി, ജൂലിയന്‍ നിക്കോള്‍സണ്‍, സേവ്യര്‍ സാമുവല്‍, ഇവാന്‍ വില്യംസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഹോളിവുഡിലെ ഏറ്റവും ശക്തമായ ഐക്കണുകളിലൊന്നായ മെര്‍ലിന്‍ മണ്‍റോയുടെ ജീവിതത്തെ വീണ്ടും ആവിഷ്‌കരിക്കുന്നു. നോര്‍മ ജീന്‍ എന്ന അവളുടെ നിസഹായമായ ബാല്യകാലം മുതല്‍ താരപദവിയിലേക്കുള്ള ഉയര്‍ച്ചയിലൂടെയും പ്രണയബന്ധങ്ങളിലൂടെയും, അവരുടെ പൊതു ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള വലിയ അന്തരം, വസ്തുതകളുടെയും ഭാവനകളുടെയും വരികളെ തിരുത്തി ബ്ലോണ്ട് കണ്ടെത്തുകയാണ്,’ ചിത്രത്തെ പറ്റിയുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ഒഫീഷ്യല്‍ സിനോപ്‌സിസില്‍ പറയുന്നു.

മര്‍ലിന്‍ മണ്‍റോയുടെ ജീവിതം അവരുടെ കാഴ്ചപ്പാടിലൂടെ തന്നെ അവതരിപ്പിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നു എന്ന് സംവിധായകന്‍ ആന്‍ഡ്രൂ വ്യക്തമാക്കിയിരുന്നു. ‘മെര്‍ലിന്‍ മണ്‍റോ മാത്രമല്ല, നോര്‍മ ജീനുമായിരിക്കുന്നത് എങ്ങനെയെന്ന് പ്രേക്ഷകര്‍ അറിയണം. ഏറ്റവും ധീരമായ ഫെമിനിസ്റ്റിക് നിലപാടാണ് അത്.

ഈ സിനിമക്കായി ഞങ്ങള്‍ മണിക്കൂറുകളോളം ജോലി ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തോളം എല്ലാ ദിവസവും ഈ സിനിമക്ക് പിന്നാലെ ആയിരുന്നു,’ ആന്‍ഡ്രൂ പറഞ്ഞു. സെപ്റ്റംബര്‍ 23നാണ് ബ്ലോണ്ടിന്റെ റിലീസ്.

Content Highlight: Blonde teaser portraying the life of Marilyn Monroe