മുംബൈ: ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായേക്കും.
ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു.
ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കാം.

എന്നാല്‍ ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി ഹാജരാക്കിയിരുന്നു. ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദര്‍ശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് രേഖകളാണ് യുവതി ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.

ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ക്കാണ് വിശദമായ മറുപടി പ്രതിഭാഗം ഇന്ന് നല്‍കുക.

ഇരുവിഭാഗത്തിന്റെയും വാദവും സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം.എച്ച് ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുക.

ബലാത്സംഗം അടക്കമുള്ള കുറ്റമാണ് ബിനോയ് കോടിയേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് നേരത്തെ ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യുവതി അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിക്ക് അയച്ച കത്തില്‍ പറയുന്നത് തന്നെ വിവാഹം കഴിച്ചുവെന്നാണ്. എന്നാല്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പറഞ്ഞത്. വിവാഹം കഴിച്ചുവെങ്കില്‍ ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ല എന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രധാനമായും ഉന്നയിച്ച വാദം. പുതിയ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഇതൊരു കെട്ടിച്ചമച്ച കേസാണെന്നും പണം തട്ടാനായുള്ള ബ്ലാക്ക്മെയിലിങ് കേസായാണ് ഇതിനെ കാണാനാവുക എന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നും തിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ട് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ബിനോയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷയില്‍ വാദംകേട്ട കോടതി വിധിപറയുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റിയിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജി അവധി ആയതിനാല്‍ ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു.