ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളോ പരിശോധനകളോ കൂടാതെ ബില്ലുകള്‍ ധൃതിപിടിച്ച് പാസാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അവകാശങ്ങളെയും ജനാധിപത്യ മര്യാദകളെയും തകര്‍ക്കുകയാണെന്നും ടി.എം.സി പറഞ്ഞു.
സര്‍ക്കാര്‍ ‘മാഗി നൂഡില്‍സ് ഉണ്ടാക്കുന്നത് പോലെയാണ് ബില്ലുകള്‍ പാസാക്കുന്നത്’ ടി.എം.സി രാജ്യസഭാ കക്ഷി നേതാവ് ഡെറക് ഒബ്രിയാന്‍ പരിഹസിച്ചു. നിലവിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ശരാശരി നാല് മിനിറ്റുകൊണ്ട് ലോക്‌സഭ പാസാക്കിയ ആറ് ബില്ലുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഗ്രാഫിക് ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു എക്‌സ് പോസ്റ്റിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
മിനിറ്റുകള്‍ക്കുള്ളില്‍ പാസാക്കിയ ബില്ലുകള്‍ എന്ന തലക്കെട്ടോടെയാണ് ബില്ലുകളും അവ പാസാക്കിയ സമയവും അദ്ദേഹം പങ്കുവെച്ചത്.
ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍: 2 മിനിറ്റ്, ബാങ്കേഴ്‌സ് ബുക്‌സ് എവിഡന്‍സ് ബില്‍: 3 മിനിറ്റ്, ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ഭേദഗതി ബില്‍: 3 മിനിറ്റ്, അപ്രോപ്രിയേഷന്‍ (നമ്പര്‍ 3) ബില്‍: 3 മിനിറ്റ്, സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍: 4 മിനിറ്റ്, ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയല്‍ ഭേദഗതി ബില്‍: 10 മിനിറ്റ് എന്നിങ്ങനെയാണ് അദ്ദേഹം ലിസ്റ്റ് ചെയ്ത് നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷമല്ല മറിച്ച് സര്‍ക്കാരാണ് സഭാ നടപടികള്‍ തടസപ്പെടുത്തുന്നതെന്ന് പാര്‍ലമെന്റ് സമുച്ചയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഒബ്രിയാന്‍ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ സത്യം പുറത്തുവരാതിരിക്കാനാണ് ആഭ്യന്തരമന്ത്രി സഭയില്‍ എത്താതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് നിയമനിര്‍മ്മാണങ്ങളിലെ പാര്‍ലമെന്ററി പരിശോധന വളരെ ദുര്‍ബലമായിട്ടുണ്ടെന്നും 20 വര്‍ഷം മുമ്പ് 10-ല്‍ 6 ബില്ലുകള്‍ വീതം പാര്‍ലമെന്ററി കമ്മിറ്റികളുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. എന്നാല്‍ നിലവില്‍ അത് 2 ല്‍ താഴെയായി ചുരുങ്ങിയെന്നും ഒബ്രിയാന്‍ പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സഭയിലെ എല്ലാ നിയമനിര്‍മ്മാണ നടപടികളും നടക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
Content Highlight: Bills are being passed as quickly as making Maggi: TMC targets the Centre.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.