ഇന്ത്യയുടെ പേസ് ബൗളിങ് ശക്തിപ്പെടുന്നതില്‍ വലിയ പങ്ക് വഹിച്ചത് ആ രണ്ടുപേര്‍; തുറന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍
Cricket
ഇന്ത്യയുടെ പേസ് ബൗളിങ് ശക്തിപ്പെടുന്നതില്‍ വലിയ പങ്ക് വഹിച്ചത് ആ രണ്ടുപേര്‍; തുറന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍
ശ്രീരാഗ് പാറക്കല്‍
Sunday, 2nd August 2026, 8:27 pm

ഇന്ത്യന്‍ ടീമിന്റെ പേസ് ബൗളിങ് ശക്തിപ്പെടുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് വിരാട് കോഹ്‌ലിയും മുന്‍ പരിശീലകന്‍ രവിശാസ്ത്രിയുമെന്ന് പറയുകയാണ് ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. പേസ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് ഇരുവര്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും വിദേശ പര്യടനങ്ങള്‍ക്ക് ടീമിനെ മികച്ച രീതിയില്‍ ഒരുക്കുക എന്ന ലക്ഷ്യമായിരുന്നു ഇരുവരുയെയും ലക്ഷ്യമെന്നും ഭുവി പറഞ്ഞു.

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസ് ബൗളിങ് ശക്തിപ്പെടുന്നതില്‍ വലിയൊരു പങ്ക് വഹിച്ചവരാണ് വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും. ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിച്ചിരുന്ന കാലത്തുപോലും പേസ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

സ്വന്തം നാട്ടില്‍ കളിച്ചിരുന്ന ടെസ്റ്റ് മത്സരങ്ങള്‍ പോലും പേസ് ബൗളര്‍മാര്‍ക്ക് സഹായകരമായ പിച്ചുകളിലായിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്. വിദേശ പര്യടനങ്ങള്‍ക്ക് ടീമിനെ മികച്ച രീതിയില്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. അതിലൂടെ അവരുടെ ദീര്‍ഘവീക്ഷണം വ്യക്തമായിരുന്നു. ശക്തമായ ഒരു പേസ് ആക്രമണം കെട്ടിപ്പടുക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം,’ ഭുവനേശ്വര്‍ കുമാര്‍ ആര്‍.സി.ബി പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 21 ടെസ്റ്റ് മത്സരങ്ങളിലെ 37 ഇന്നിങ്‌സില്‍ നിന്ന് 63 വിക്കറ്റുകളാണ് ഭുവി നേടിയത്. ഏകദിനത്തില്‍ 120 ഇന്നിങ്‌സില്‍ നിന്ന് 141 വിക്കറ്റും താരം സ്വന്തമാക്കി. 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022ന് ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.
സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള താരത്തിന് ഇന്ത്യന്‍ ടീമില്‍ ഒരു അവസരം കൂടി അര്‍ഹിക്കുന്നുണ്ടെന്ന് ആര്‍. അശ്വിനെ പോലെയുള്ള പല സീനിയര്‍ താരങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Bhuvneshwar Kumar said that Virat Kohli and Ravi Shastri played a major role in strengthening India’s pace bowling

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ