സോന്‍ഭദ്രയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ പൊലീസ് സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചെത്തി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇന്നലെയാണ് ചന്ദ്രശേഖര്‍ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയത്.

ഗോണ്ട് ഗോത്രത്തില്‍പ്പെട്ട, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നേരെ ഇപ്പോഴും ഭീഷണികളുടെ പ്രവാഹമാണ്. ഒന്നുകില്‍ അവര്‍ക്ക് സുരക്ഷ നല്‍കണം അല്ലെങ്കില്‍ സ്വരക്ഷക്ക് വേണ്ടി ആയുധം നല്‍കണമെന്ന് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ എന്റെ ജനങ്ങളെ കാണാന്‍ ഒളിച്ചാണ് ഇവിടെയെത്തിയത്. ഞാന്‍ ഉംഭ ഗ്രാമം സന്ദര്‍ശിക്കുന്നുവെന്ന് അറിഞ്ഞാല്‍ ഭരണകൂടം എന്നെ ഇങ്ങോട്ട് കടത്തിവിടില്ല. രണ്ട് കൂട്ടരും പരസ്പരം വെടിവെച്ചുവെന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഗ്രാമീണരുടെ കയ്യില്‍ വെടിക്കോപ്പുകളോ ലൈസന്‍സോ ഇല്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

മുന്നൂറോളം പേരാണ് ഈ ഗ്രാമത്തിലേക്ക് കടന്നുവന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും ആയുധങ്ങളുമായാണ് എത്തിയത്. ഭരണകൂടം എത്ര ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്ന് പറയണം. ഭീം ആര്‍മി ഇരകളെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.