തിരുവനന്തപുരം: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും നോവല്‍ പിന്‍ വലിച്ച എഴുത്തുകാരന്‍ എസ്.ഹരീഷിന് ബെന്യാമിന്റെ തുറന്ന കത്ത്. തന്റെ ഫേസ്ബുക്കിലാണ് എഴുത്തുകാരനായ ബെന്നി ബെന്യാമിന്‍ എസ്.ഹരീഷിന് ഒരു തുറന്ന കത്ത് എന്ന പേരില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

പ്രിയപ്പെട്ട എഴുത്തുകാരന്‍ ഹരീഷിന് എന്ന് തുടങ്ങുന്ന കത്തില്‍ താന്‍ നോവല്‍ പിന്‍ വലിച്ച വാര്‍ത്ത അറിഞ്ഞത് ഞെട്ടലോടെ ആണെന്ന് ബെന്യാമിന്‍ പറയുന്നു. താങ്കളുടെ എല്ലാ ആധികളും ഉള്‍ക്കൊണ്ട് തന്നെ പറയട്ടെ നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം തെറ്റായിപ്പോയി എന്നും ബെന്യാമിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഞാനും സമാനമായ നിരവധി അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. നിങ്ങളുടെ നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ തോറ്റത് മുഴുവന്‍ എഴുത്തുകാരുമാണ്. എല്ലാ കാലത്തേക്കും ഇത് അപകടകരമാണ്. ബെന്ന്യാമിന്‍ പറയുന്നു.

ആട്ജീവിതം പുറത്തിറങ്ങിയപ്പോഴും, അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞപ്പൊഴും ഇതുപോലെയുള്ള പല അനുഭവങ്ങളും താനും നേരിട്ടിട്ടുണ്ടെന്നും ബെന്ന്യാമിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

എഴുത്തിന്റെ മൂല്യത്തെക്കുറിച്ചും, എഴുത്തുകാരന്റെ സാമൂഹ്യ ദൗത്യത്തെക്കുറിച്ചും ഉള്ള ഉറച്ച ബോധ്യം താങ്കള്‍ക്ക് ഇല്ലാതെപോയി. എനിക്കും എന്റെ കുടുംബത്തിനും ഞാന്‍ മാത്രമേയുള്ളു എന്ന അരാഷ്ട്രീയ ബോധമാണ് നിങ്ങളെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. എന്റെ പ്രശ്‌നമല്ല സമൂഹത്തിന്റെ പ്രശ്‌നമാണ് എന്ന് വേണം ചിന്തിക്കാന്‍.

ഇനിയും സമയമുണ്ട് ഹരീഷ് എന്ന് പറഞ്ഞാണ് ബെന്യാമിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആഴ്ചപ്പതിപ്പില്‍ നിന്ന് മാത്രമേ നോവല്‍ പിന്‍വലിച്ചിട്ടുള്ളു, അത് പുസ്തക രൂപത്തില്‍ ഇറക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ കാണിക്കണം. കാലം നമ്മളെ ഭീരുക്കള്‍ എന്ന് വിലയിരുത്താതിരിക്കട്ടെ. ബെന്യാമിന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം