ഇന്ന് ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള ക്രിക്കറ്റ് താരം ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളു, വിരാട് കോഹ്‌ലി. ചിലപ്പോഴൊക്കെ ക്രിക്കറ്റിനെ പോലുമറിയാത്ത ആളുകള്‍ക്ക് വരെ വിരാടിന്റെ പേര് സുപരിചിതമായിരിക്കും.

ക്രിക്കറ്റിനേക്കാള്‍ മുകളില്‍ വിരാട് എന്ന താരം വളര്‍ന്നിരുന്നു. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും പ്രശസ്തിയുള്ള സ്‌പോര്‍ട്‌സ് താരവും അദ്ദേഹമായിരിക്കും. അദ്ദേഹത്തിന്റെ കളി പോലെതന്നെ ചര്‍ച്ചയാകുന്നതാണ് വിരാടിന്റെ കളിക്കളത്തിലെ ആറ്റിറ്റിയൂഡും. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കൂടെ സാഹസിക യാത്രക്ക് പോകണമെന്ന് പറഞ്ഞിരിക്കുകയാണ് ബിയര്‍ ഗ്രില്‍സ്.

ആക്ഷന്‍, സാഹസികത, വിനോദം എന്നിവയുടെ ലോകത്ത് ബിയര്‍ ഗ്രില്‍സ് എന്നത് ഒരു സാധാരണ പേരല്ല. ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്, ആരെങ്കിലും അവിടെ കുടുങ്ങിയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വീഡിയോകളില്‍ കാണിക്കാറുണ്ട്.

48 കാരനായ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബോളിവുഡ് അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, വിക്കി കൗശാല്‍, രജനികാന്ത്, അക്ഷയ് കുമാര്‍ എന്നിവരുമായി എപ്പിസോഡുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. രണ്‍വീര്‍ സിങാണ് ഗ്രില്‍സിന്റെ മാന്‍ vs വൈല്‍ഡ് ഷോയിലെ ഏറ്റവും പുതിയ പ്രവേശകന്‍.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. സിംഹത്തിന്റെ മനോഭാവവും ദയയുള്ള മനസും ഉള്ളതിനാല്‍ വിരാട് അഡ്വഞ്ചറില്‍ അത്ഭുതപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

അതേസമയം ക്രിക്കറ്റില്‍ നിന്നും വിശ്രമം എടുത്തിരിക്കുകയാണ് താരമിപ്പോള്‍. ലോകകപ്പിന് മുന്നോടിയായി തന്റെ നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

Content  Highlights: Bear Grylls Says he wants to travel with Virat Kohli