മലയാളികളുടെ പ്രിയതാരമായ ബേസിൽ ജോസഫ് അഭിനയത്തിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ അതിരടിയെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും ശ്രദ്ധ നേടുന്നത്.
ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, റിയ ഷിബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപനഘട്ടം മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ സംഗീത സംവിധായകനായ ഷാൻ റഹ്‌മാൻ പ്രധാന വേഷത്തിൽ എത്തുന്നതും ഏറെ കൗതുകം സൃഷ്ടിക്കുന്ന കാര്യമാണ്. സംഗീത രംഗത്ത് ഇതിനകം തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച ഷാൻ റഹ്‌മാൻ, അഭിനയത്തിനുള്ള തന്റെ കഴിവ് തെളിയിക്കുന്ന ചിത്രമായി ‘അതിരടി’ മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ ഒർജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാൻ റഹ്‌മാനെ കുറിച്ച് തുറന്നുപറയുകയാണ് ബേസിൽ ജോസഫ്. ഷാൻ ഇത്രയും മനോഹരമായി അഭിനയിക്കും എന്ന് കരുതിയില്ലായെന്നും, ചിത്രത്തിൽ അതിമനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ബേസിൽ പറയുന്നു.
‘ഷാനിക്കയില്ലാതെ ഈ സിനിമയില്ലാ, വിനീതേട്ടൻ ഇല്ലാതെ ഈ സിനിമയില്ല എന്ന് തന്നെയാണ് ഞാൻ അവരോട് പറഞ്ഞത്. അതിരടി എന്ന ഈ സിനിമയ്ക്ക് ഇവർ വേണം. അഭിനയിച്ച് തുടങ്ങിയപ്പോഴും അങ്ങനെ തന്നെയാണ് തോന്നിയത്. സൂപ്പറായിരുന്നു ഷാനിക്ക. ഷാനിക്ക സത്യം പറഞ്ഞാൽ നല്ലതായിരുന്നു ഈ സിനിമയിൽ, നല്ല രസമായിട്ടാണ് അഭിനയിച്ചതും.
ഷാനിക്കയ്ക്ക് ഇത്രയും കഴിവുണ്ടെന്ന് അറിയില്ലായിരുന്നു. അത്രയും മനോഹരമായി ചെയ്യും എന്ന് കരുതിയില്ല. പക്ഷെ ഒരു ഏരിയ മൊത്തം ഷാനിക്ക കൊണ്ടുപോയി,’ ബേസിൽ ജോസഫ് പറഞ്ഞു.
ഷാനിന്റെ പ്രകടനം കണ്ട വിനീത് ശ്രീനിവാസൻ പോലും അതിശയിച്ചുവെന്നും ബേസിൽ കൂട്ടിച്ചേർത്തു. ‘എടാ, നീയാ ഞാൻ കണ്ട ഷാൻ ഇങ്ങനെയല്ലല്ലോ’ എന്നായിരുന്നു വിനീതേട്ടന്റെ പ്രതികരണമെന്നാണ് ബേസിൽ പറഞ്ഞത്.
മൾട്ടി സ്റ്റാർ കാസ്റ്റുമായി എത്തുന്ന ‘അതിരടി’ ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.
Content Highlight: Basil joseph talk about shan rahman’s performance in athiradi movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.