സ്‌പെയ്‌നിനെ കിരീടമണിയിച്ചവന്‍ ബാഴ്‌സ വിട്ടേക്കും; സൂപ്പര്‍ താരം വമ്പന്‍ ക്ലബ്ബിലേക്ക്?
Football
സ്‌പെയ്‌നിനെ കിരീടമണിയിച്ചവന്‍ ബാഴ്‌സ വിട്ടേക്കും; സൂപ്പര്‍ താരം വമ്പന്‍ ക്ലബ്ബിലേക്ക്?
ശ്രീരാഗ് പാറക്കല്‍
Sunday, 2nd August 2026, 9:52 pm

ബാഴ്സലോണയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെറാന്‍ ടോറസ് ഫ്രഞ്ച് ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് (പി.എസ്.ജി) മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ അടുത്ത സുഹൃത്തുക്കളോടും പ്രതിനിധികളോടും ഇക്കാര്യം ടോറസ് പങ്കുവെച്ചിട്ടുണ്ടെന്ന് പ്രമുഖ ഫ്രഞ്ച് ഫുട്‌ബോള്‍ മാധ്യമമായ ഫൂട്ട് മെര്‍ക്കാട്ടോ റിപ്പോര്‍ട്ട് ചെയ്തു.

2022 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ ടോറസ് ക്ലബ്ബിനായി ഇതുവരെ 207 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകളും 23 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2025-26 സീസണില്‍ ലാ ലിഗയില്‍ 33 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ നേടിയ താരം തന്റെ കരിയറിലെ മികച്ച ലീഗ് സീസണുകളിലൊന്ന് കുറിക്കുകയും ചെയ്തു.

2026 ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ സ്പെയിനിനായി എക്‌സ്ട്രാ ടൈമില്‍ വിജയഗോള്‍ നേടിയതും ടോറസായിരുന്നു. ആ പ്രകടനത്തിന് പിന്നാലെയാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ പി.എസ്.ജി താരത്തെ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.എസ്.ജി അധികൃതര്‍ ടോറസിന്റെ പ്രതിനിധികളുമായി ഇതിനകം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും, അടുത്ത ആഴ്ച ബാഴ്‌സലോണയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ച് ട്രാന്‍സ്ഫര്‍ ഫീസില്‍ ധാരണയിലെത്താനാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോറസിനെ എളുപ്പത്തില്‍ വിട്ടുനല്‍കാന്‍ ബാഴ്‌സലോണയ്ക്ക് താത്പര്യമില്ല. എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കരീം അഡെയേമിയെയും ആന്റണി ഗോര്‍ഡനെയും ടീമിലെത്തിച്ചതിനാല്‍ മുന്നേറ്റനിരയിലെ ആഴം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ മികച്ച ഓഫര്‍ ലഭിച്ചാല്‍ ടോറസിന്റെ ട്രാന്‍സ്ഫര്‍ ബാഴ്‌സ ഗൗരവമായി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം ടോറസിന് പുറമെ ബാഴ്സയുടെ സ്പാനിഷ് മിഡ്ഫീല്‍ഡ് താരം പെഡ്രിയെയും സ്വന്തമാക്കാന്‍ പി.എസ്.ജി ഏകദേശം 90 മില്യണ്‍ യൂറോയുടെ ഓഫര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതികളിലെ പ്രധാന താരമായ പെഡ്രിയെ വിട്ടുനല്‍കാന്‍ ബാഴ്സലോണ തയ്യാറാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.

Content Highlight: Barcelona’s Spanish striker Ferran Torres might move to PSG:Report

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ