ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് 2025 നവംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് എക്കോ. കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമ കൂടിയായിരുന്നു എക്കോ.

Photo: സൗരഭ് സച്ച്‌ദേവ/ screengrab/ youtube

കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ടില്‍ വന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിയേറ്ററില്‍ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയില്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചുവെന്നതിന് പ്രേക്ഷകര്‍ തന്നെ വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കിയിരുന്നു.

കുര്യച്ചന്‍ മ്ലാത്തി ചേടത്തിയെ തന്റെ നിയന്ത്രണത്തിലാക്കിയത് പോലെ സിനിമയില്‍ കുര്യച്ചനെ മ്ലാത്തി ചേടത്തി തന്റെ നിയന്ത്രണത്തില്‍ ഗുഹയില്‍ അകപ്പെടുത്തിരിക്കുകയാണെന്ന നിര്‍വചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ബാഹുല്‍ രമേശ്.

‘കുര്യച്ചന്‍ എവിടെയോ ഒരു ഗുഹയില്‍ പോയി ഒളിച്ചിട്ടുണ്ടാകാം എന്ന് പറയുന്നത് ഇപ്പോഴും ഒരു ഊഹമാണ്. വിനീതേട്ടന്റെ കഥാപാത്രം പറഞ്ഞ് കേട്ടിട്ടുള്ളതായിട്ടുള്ള ഒരു ഓര്‍മ. അല്ലെങ്കില്‍ പാപ്പച്ചന്‍ എന്ന പൊലീസുകാരന്റെ ചോദ്യം. മ്ലാത്തിചേടത്തിയും പറയുന്നത് വന്ന സമയത്ത് എന്നോട് ഇങ്ങനെയൊക്കെയാണ് പറഞ്ഞത് എന്നാണ്. അവര്‍ക്കും കൃത്യമായിട്ടൊന്നും അറിയില്ല.

ആര്‍ക്കും ഒന്നും വ്യക്തമായി ഓര്‍മയില്ല. നരേന്റെ കഥാപാത്രം ക്ലൈമാക്‌സില്‍ പറയുന്നത് കുര്യച്ചന്‍ ഒളിവില്‍ പോയി തങ്ങി, പിന്നീട് അവിടെ ലോക്കായി പോയെന്നാണ്. എല്ലാവവരും പറയുന്നത് പോലെ ഗുഹയിലാണ് ലോക്കായി പോയതാണെന്ന് നരേന്റെ കഥാപാത്രവും പറയുന്നു. എന്നാല്‍ കുര്യച്ചന്‍ ലോക്കായി പോയത് ഗുഹയില്‍ തന്നെയാകണമെന്ന് ഉറപ്പില്ല,’ ബാഹുല്‍ പറയുന്നു.

ആശയപരമായി കുര്യച്ചന്‍ എവിടെയാണോ ഒളിവില്‍ പോയി താമസിച്ചിരിക്കുന്നത് അവിടെ നിന്ന് അദ്ദേഹത്തിന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാതെ ആയതാണെന്നും അങ്ങനെ ലോക്കായി പോയെന്നാണ് ഉദ്ദേശിച്ചതെന്നും ബാഹുല്‍ പറഞ്ഞു.

സന്ദീപ് പ്രദീപ്, ബിയാന മോമിന്‍, നരേന്‍, വിനീത് സൗരഭ് സച്ച്‌ദേവ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം മുജീബ് മജീദാണ്. ആനിമല്‍ ട്രിളോജയിലെ അവസാന സിനിമയായെത്തിയ എക്കോ ബോക്‌സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു.

Content Highlight: Bahul Ramesh is talking about the climax of the film eko