മൂന്ന് പതിറ്റാണ്ട് മുമ്പ് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങിയിരുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പറയുന്ന ലിസ്റ്റ് കഴിഞ്ഞദിവസം വൈറലായിരുന്നു. 1993 കാലഘട്ടത്തില്‍ പുറത്തുവന്ന മാസികയിലായിരുന്നു ഓരോ നടന്മാരും വാങ്ങിയിരുന്ന പ്രതിഫലത്തിന്റെ കണക്കുണ്ടായിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും 15 ലക്ഷത്തോളമായിരുന്നു അക്കാലത്ത് വാങ്ങിയിരുന്നത്.

15 ലക്ഷം മമ്മൂട്ടി വാങ്ങിയപ്പോള്‍ 15 മുതല്‍ 20 ലക്ഷം വരെയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. എന്നാല്‍ ഈ ലിസ്റ്റില്‍ എല്ലാവരുടെയും ശ്രദ്ധ പോയത് ലിസ്റ്റില്‍ നാലാമതുണ്ടായിരുന്ന പേരിലേക്കാണ്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് ബാബു ആന്റണിയായിരുന്നു.

12 ലക്ഷമായിരുന്നു അക്കാലത്ത് താരം ഒരു സിനിമക്ക് വേണ്ടി വാങ്ങിയിരുന്ന പ്രതിഫലം. 90’s കിഡ്‌സിന്റെ കുട്ടിക്കാലം മനോഹരമാക്കിയ ആക്ഷന്‍ ഹീറോയായിരുന്നു ബാബു ആന്റണി. ആറടി പൊക്കവും അതിനൊത്ത മെയ്‌വഴക്കവുമെല്ലാമുള്ള ബാബു ആന്റണി അക്കാലത്ത് പലരുടെയും ഐക്കണായിരുന്നു. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് തന്റേതായ ഒരിടം ബാബു ആന്റണി മോളിവുഡില്‍ സൃഷ്ടിച്ചെടുത്തിരുന്നു.

ദാദ, ചന്ത, ഗാന്ധാരി, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കമ്പോളം, സ്ട്രീറ്റ്, രാജധാനി തുടങ്ങി 1992-93 കാലഘട്ടത്തില്‍ ബാബു ആന്റണി നായകനായെത്തിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. നായകന്റെ ഭാഗത്താണ് ബാബു ആന്റണി എന്നറിയുമ്പോള്‍ അക്കാലത്ത് പലര്‍ക്കും ആശ്വാസമായിരുന്നെന്ന് പറയുന്ന പോസ്റ്റുകള്‍ അടുത്തിടെ വൈറലായി.

ബാബു ആന്റണി Photo: Reddit

എന്നാല്‍ 1995ന് ശേഷം താരം സിനിമകള്‍ക്കിടയിലെ ഇടവേള കൂട്ടി. തിരിച്ചുവരവില്‍ നായകവേഷത്തെക്കാള്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് ബാബു ആന്റണിയെ തേടി വന്നിരുന്നത്. ഒരുകാലത്ത് സിനിമാപ്രേമികളുടെ ഫേവറെറ്റ് സൂപ്പര്‍ഹീറോയായിരുന്ന ബാബു ആന്റണി പിന്നീട് സഹനടന്‍ വേഷങ്ങളിലേക്ക് ഒതുങ്ങുകയായിരുന്നു.

2023ല്‍ റിലീസായ ആര്‍.ഡി.എക്‌സില്‍ ഗംഭീര വേഷമായിരുന്നു താരത്തിന് ലഭിച്ചത്. അതുവരെ സൈലന്റായി നിന്നിരുന്ന പ്രേക്ഷകര്‍ ബാബു ആന്റണിയുടെ ആക്ഷന്‍ സീന്‍ സമയത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. 30 വര്‍ഷം മുമ്പ് വാങ്ങിയിരുന്ന പ്രതിഫലം പുറത്തുവന്നതോടെ അക്കാലത്ത് താരത്തിന്റെ സ്റ്റാര്‍ഡവും ജനപ്രീതിയും എത്രമാത്രമുണ്ടെന്ന് പലര്‍ക്കും ബോധ്യമായിരിക്കുകയാണ്.

Content Highlight: Babu Antony’s remuneration in 1993 viral in social media