ടെസ്റ്റിലെ പത്താമന്‍; പുത്തന്‍ നാഴികക്കല്ലില്‍ തിളങ്ങി ബാബര്‍
Cricket
ടെസ്റ്റിലെ പത്താമന്‍; പുത്തന്‍ നാഴികക്കല്ലില്‍ തിളങ്ങി ബാബര്‍
സുദേവ് എ
Tuesday, 28th July 2026, 5:03 pm

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. റെഡ് ബോള്‍ ക്രിക്കറ്റില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കിയാണ് ബാബര്‍ പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബാബറിന്റെ നേട്ടം. രണ്ടാം ഇന്നിങ്‌സില്‍ 38 പന്തില്‍ 23 റണ്‍സാണ് പാക് നായകന്‍ നേടിയത്. മൂന്ന് ഫോറുകളാണ് ബാബര്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാനായി 4500 റണ്‍സ് സ്വന്തമാക്കുന്ന പത്താമത്തെ താരമാണ് ബാബര്‍. യൂനിസ് ഖാന്‍, ജാവേദ് മിയാന്‍ദാദ്, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, അസര്‍ അലി, സലിം മാലിക്, മിസ്ബ ഉള്‍ ഹഖ്, സഹീര്‍ അബ്ബാസ്, ആസാദ് ഷഫീഖ് എന്നിവരാണ് ബാബറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 311 റണ്‍സാണ് നേടിയത്. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് 92 റണ്‍സ് നേടിയപ്പോള്‍ കെവാം ഹോഡ്‌ജെ 83 റണ്‍സും നേടി കരുത്തുകാട്ടി.

പാക് ബൗളിങ്ങില്‍ മുഹമ്മദ് അലി നാല് വിക്കറ്റും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി. ഖുറം ഷെഹ്‌സാദ് രണ്ട് വിക്കറ്റും ആമിര്‍ ജമാല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 282 റണ്‍സിനാണ് ഓള്‍ ഔട്ടായത്. പാകിസ്ഥാനായി 109 റണ്‍സ് നേടി ഷാന്‍ മസൂദ് ടോപ് സ്‌കോറര്‍ ആയപ്പോള്‍ ഇമാം ഉള്‍ ഹഖ് 63 റണ്‍സും സ്വന്തമാക്കി.

ജസ്റ്റിന്‍ ഗ്രീവ്‌സ് ഫൈഫര്‍ നേടി തിളങ്ങിയപ്പോള്‍ കാമര്‍ റോഷ്, ഷമര്‍ ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ജെയ്നന്‍ സീല്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എന്ന നിലയിലാണ്. മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും ഖുറം ഷെഹ്‌സാദ് രണ്ട് വിക്കറ്റും മുഹമ്മദ് അലി, ആമിര്‍ ജമാല്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടി തിളങ്ങി. വിന്‍ഡീസിന് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 155 റണ്‍സ് ലീഡുണ്ട്.

 

Content Highlight: Babar Azam create a new milestone in test cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.