ഏത് ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അവന്‍ തീരുമാനിക്കണം: മഗ്രാത്ത്
Cricket
ഏത് ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അവന്‍ തീരുമാനിക്കണം: മഗ്രാത്ത്
സുദേവ് എ
Tuesday, 28th July 2026, 11:04 am

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ബുംറക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നാണ് മഗ്രാത്ത് അഭിപ്രായപ്പെട്ടത്.

ഏത് ഫോര്‍മാറ്റിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്ന് ബുംറ തീരുമാനിക്കണമെന്നും മുന്‍ ഓസീസ് താരം പറഞ്ഞു. എം.ആര്‍.എഫ് പേസ് ഫൗണ്ടേഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മഗ്രാത്ത്.

‘എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവന്റെ ഇഷ്ടമാണ്. ഇപ്പോള്‍ ബുംറക്ക് ഏകദേശം 31- 32 വയസുണ്ട്. ഇനിയും ഒരുപാട് വര്‍ഷം മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന പ്രായമാണ് ഇത്. അതിനാല്‍ കൂടുതല്‍ വര്‍ഷങ്ങളില്‍ കളിക്കാന്‍ സഹായിക്കുന്ന വഴികള്‍ ബുംറ കണ്ടെത്തണം. പരിക്കുകള്‍ ഇടയ്ക്കിടെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും അവന്‍ മികച്ച ബൗളറാണ്.

അവന്‍ ഇനിയെന്ത് തീരുമാനിക്കുമെന്ന് കണ്ടറിയാം. ടെസ്റ്റില്‍ മാത്രം ശ്രദ്ധ നല്‍കണോ അതോ ടി-20യിലും കളിക്കണോയെന്നത് അവന്റെ തീരുമാനമാണ്. ഇത് അവന്റെ ശരീരത്തിന്റെ അവസ്ഥയെയും ആശ്രയിച്ചിരിക്കും. ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. കൈ കൂടുതല്‍ ഉപയോഗിച്ചുകൊണ്ട് പന്തെറിയുന്ന ബൗളര്‍മാരുടെ സന്ധികളില്‍ സമ്മര്‍ദം കൂടുതലുണ്ടാവും. അതുകൊണ്ട് ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം,’ ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞു.

അതേസമയം നിലവില്‍ ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് ബുംറ. ഈ പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ബുംറയുടെ പരിക്ക് പൂര്‍ണമായി മാറിയിട്ടില്ല.

പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. ഈ സമയമാവുമ്പോഴേക്കും ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍

 

 

Content Highlight: Australian legend Glenn McGrath talks Jasprit Bumrah’s future

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.