സോണിയാഗാന്ധിക്കും രാഹുലിനുമെതിരായ പ്രസ്താവന; അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; ട്വിറ്റര്‍ ട്രെന്റായി അറസ്റ്റ് ആന്റി ഇന്ത്യ അര്‍ണബ് ഹാഷ്ടാഗ്
India
സോണിയാഗാന്ധിക്കും രാഹുലിനുമെതിരായ പ്രസ്താവന; അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; ട്വിറ്റര്‍ ട്രെന്റായി അറസ്റ്റ് ആന്റി ഇന്ത്യ അര്‍ണബ് ഹാഷ്ടാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2020, 4:39 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കുമെതിരായ പ്രസ്താവനയില്‍ റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയത്.

മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ലെന്നും ഇറ്റലിയാണെന്നും അര്‍ണബ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും അര്‍ണബ് പറഞ്ഞിരുന്നു.

ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്നും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും ഹിന്ദു സന്യാസിമാരെ തുടച്ചുനീക്കുന്നതില്‍ താന്‍ വിജയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധി ഇറ്റലിയിലേക്ക് കത്തയയ്ക്കാന്‍ തയ്യാറെടുക്കുകയായിരിക്കുമെന്നും അര്‍ണബ് പറഞ്ഞിരുന്നു.

ഇവിടെ ഹിന്ദുസന്യാസിമാര്‍ കൊലചെയ്യപ്പെടുമ്പോള്‍ അവര്‍ക്ക് ഇറ്റലിയില്‍ നിന്നും പ്രോത്സാഹനം ലഭിക്കുകയാണെന്നും അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞുവെച്ചിരുന്നു. ഹിന്ദു സന്യാസിമാരുടെ കൊലപാതകത്തില്‍ ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ മൗനം തുടരുകയാണെന്നും അര്‍ണബ് കുറ്റപ്പെടുത്തി.

അതേസമയം സോണിയാ ഗാന്ധിക്കെതിരായ അര്‍ണബിന്റെ പ്രസ്താവനക്കെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി.

സോണിയാഗാന്ധിക്കെതിരായ അര്‍ണബിന്റെ പ്രസ്താവന അപലപനീയമാണെന്നും എല്ലാ പരിധികളും ലംഘിക്കുകയാണ് അര്‍ണബെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. അയാള്‍ സ്വയം ലജ്ജിക്കേണ്ടിയിരിക്കുന്നു. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണ്. രാജീവ് ചന്ദ്രശേഖരന്‍ അര്‍ണബിനെ എത്രയും പെട്ടെന്ന് പുറത്താക്കേണ്ടിയിരിക്കുന്നു- എന്നാണ് ഗെഹ് ലോട്ട് ട്വിറ്ററില്‍ കുറിച്ചത്.


കൊവിഡുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയും ചാനല്‍ ചര്‍ച്ചയില്‍ അര്‍ണബ് വളച്ചൊടിച്ചിരുന്നു.

ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞതായിട്ടായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. എന്നാല്‍ രാഹുല്‍ പറഞ്ഞത് ലോക്ക് ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായ പരിശോധനകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടത്തേണ്ടതുണ്ടെന്നുമായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യമൊന്നും എടുത്തുപറയാതെ രാഹുല്‍ പറഞ്ഞ ഒരു വാചകം മാത്രം അടര്‍ത്തിമാറ്റി ജനങ്ങളെ തെറ്റിദ്ധരിക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അര്‍ണബ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചത്തീസ്ഗഢ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റായ്പൂരിലടക്കമുള്ള പന്ത്രണ്ട് ജില്ലകളിലെ കോണ്‍ഗ്രസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അര്‍ണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവും നടത്തിയിരുന്നു. കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അര്‍ണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു.

ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വിവിധ സര്‍ക്കാരുകളും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കൊവിഡിനെ പ്രതിരോധിക്കുന്ന ഈ ഘട്ടത്തില്‍ അര്‍ണബും അദ്ദേഹത്തിന്റെ ചാനലും ഓരോ ദിവസവും എന്ത് തരം വാര്‍ത്തകളാണ് ലോകത്തിന് നല്‍കുന്നതെന്നും ഇതുകൊണ്ട് എന്താണ് അദ്ദേഹം നേടുന്നതെന്നും ചത്തീസ്ഗഢ് കോണ്‍ഗ്രസ് മീഡിയ തലവന്‍ ശൈലേഷ് നിതിന്‍ ത്രിവേദി ചോദിച്ചു.

രാഹുലിനെതിരായ പ്രസ്താവനക്ക് പിന്നാലെ അറസ്റ്റ്ആന്റി ഇന്ത്യ അര്‍ണബ് ക്യാമ്പയിനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ട്വിറ്ററിലും അറസ്റ്റ് ആന്റി ഇന്ത്യഅര്‍ണബ് ഹാഷ് ടാഗ് കാമ്പയിന്‍ ട്രെന്റിങ്ങായി മാറി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.