കെ.ആര്‍. കൃഷ്ണ കുമാര്‍ തിരക്കഥ എഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് കൂമന്‍. 2022ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, രഞ്ജി പണിക്കര്‍, ഹന്ന റെജി കോശി, ജാഫര്‍ ഇടുക്കി, ബാബുരാജ്, മേഘനാഥന്‍ എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്. കൂമനില്‍ ആസിഫ് അലി ഗിരി ശങ്കര്‍ എന്ന പൊലീസുക്കാരനായാണ് അഭിനയിച്ചത്.

ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയില്‍ താന്‍ ഒരിക്കല്‍ സംവിധായകന്‍ ജീത്തു ജോസഫിനോട് അദ്ദേഹത്തിന്റെ ദൃശ്യം സിനിമയെ കുറിച്ച് ചോദിച്ച കാര്യത്തെ കുറിച്ച് പറയുകയാണ് ആസിഫ്. തന്റെ ലെവല്‍ ക്രോസ് എന്ന സിനിമയുടെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. കൂമനിലെ ഗിരി ദൃശ്യത്തിലെ കേസ് അന്വേഷിച്ചു വരുന്നതിനെ കുറിച്ച് താന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു എന്നാണ് ആസിഫ് പറയുന്നത്.

‘ഒരിക്കല്‍ ഞാന്‍ ജീത്തു സാറിനോട് എങ്ങനെയെങ്കിലും ഗിരി ആ കേസ് ഒന്ന് അന്വേഷിക്കാന്‍ വന്നാലോയെന്ന് ചോദിച്ചിരുന്നു. അത് നല്ല ഒരു ക്രോസ് ഓവര്‍ ആകുമായിരുന്നു. ജീത്തു സാറിന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഒരു സാധ്യതയും തള്ളികളയില്ല. സാര്‍ വേറൊന്നും വിട്ടു പറയില്ല,’ ആസിഫ് അലി പറഞ്ഞു.

ആസിഫ് അലിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലെവല്‍ ക്രോസ്’. കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് ലെവല്‍ ക്രോസില്‍ എത്തുന്നത്. ആസിഫ് അലി, അമലപോള്‍, ഷറഫുദ്ധീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.


Content Highlight: Asif Ali Talks About Kooman And Drishyam Movie Cross Over