എന്റെ ഫേവറൈറ്റ് പേഴ്‌സണ്‍ ക്രിസ്റ്റ്യാനോ ആണ്, ഇത്തവണ പോര്‍ച്ചുഗലിന് കപ്പ്‌ കിട്ടണമെന്നാണ് ആഗ്രഹം: ആര്യ
Malayalam Cinema
എന്റെ ഫേവറൈറ്റ് പേഴ്‌സണ്‍ ക്രിസ്റ്റ്യാനോ ആണ്, ഇത്തവണ പോര്‍ച്ചുഗലിന് കപ്പ്‌ കിട്ടണമെന്നാണ് ആഗ്രഹം: ആര്യ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 25th June 2026, 9:09 pm

അറിന്തും അറിയാമലും എന്ന 2005ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ആര്യ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമായ ആര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2010ല്‍ പുറത്തിറങ്ങിയ മദിരാശിപട്ടണം. പിന്നീട് ബോസ് എങ്കിറ ഭാസ്‌കരന്‍, രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികള്‍ക്കും പരിചിതനായിരുന്നു. പിന്നീട് പൃഥ്വിരാജ് നായകനായ ഉറുമിയിലും താരം പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

ആര്യ. Photo: Indulge Express

ഇപ്പോഴിതാ താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത അനന്തന്‍കാട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ ഫുട്‌ബോള്‍ ഇതിഹാസം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫിഫ ലോകക്കപ്പ് നടക്കുന്ന സാഹചര്യത്തിലാണ് താരത്തെ കുറിച്ചുള്ള ആര്യയുടെ പ്രതികരണം.

താന്‍ ഫുട്‌ബോളിന്റെ വലിയ ആരാധകനാണെന്നും ഫുട്‌ബോളില്‍ തന്റെ ഫേവറൈറ്റ് പേഴ്‌സണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്നും ആര്യ പറയുന്നു. അതിനാല്‍ തന്നെ ഇത്തവണത്തെ ലോകക്കപ്പ് പോര്‍ച്ചുഗലിന് ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: X.com

മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണ ലോകക്കപ്പില്‍ കാഴ്ച്ചവെക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇതില്‍ രണ്ട് ഗോളുകള്‍ നേടിയത് റൊണാള്‍ഡോയായിരുന്നു. ഇതോടെ ആറ് ലോകക്കപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

Content Highlight: Arya talks about his love towards Cristiano Ronaldo

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.