45 ദിവസത്തോളം ഷൂട്ട് ചെയ്ത പോര്‍ഷനുകളെല്ലാം കളഞ്ഞു, അതിന് സംവിധായകന്‍ പറഞ്ഞ കാരണം കേട്ട് വല്ലാത്ത അവസ്ഥയായി: ആര്യ
Indian Cinema
45 ദിവസത്തോളം ഷൂട്ട് ചെയ്ത പോര്‍ഷനുകളെല്ലാം കളഞ്ഞു, അതിന് സംവിധായകന്‍ പറഞ്ഞ കാരണം കേട്ട് വല്ലാത്ത അവസ്ഥയായി: ആര്യ
അമര്‍നാഥ് എം.
Wednesday, 24th June 2026, 4:30 pm

ജനിച്ചതും വളര്‍ന്നതും കേരളത്തിലാണെങ്കിലും തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ആര്യ. അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച ആര്യ പിന്നീട് മികച്ച സിനിമകളിലൂടെ തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടെത്തു. വരുടു എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ വില്ലനായി തെലുങ്കിലും അരങ്ങേറിയ താരം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ആര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം അനന്തന്‍ കാട് തിയേറ്ററുകളിലെത്തുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. അനന്തന്‍ കാടിന്റെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ താരം പങ്കുവെക്കുന്ന അനുഭവങ്ങള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ആര്യ Photo: Screen grab/ Pearley Maaney

ബാല സംവിധാനം ചെയ്ത അവന്‍ ഇവനില്‍ താന്‍ എത്തിപ്പെട്ടത് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് ആര്യ പറഞ്ഞു. ഒരു ബര്‍ത്ത് ഡേ ഫങ്ഷന് ഇടക്ക് വിശാലുമായി സംസാരിച്ചപ്പോഴാണ് ബാലയുടെ പ്രൊജക്ടിനെക്കുറിച്ച് അറിഞ്ഞതെന്ന് താരം പറയുന്നു. പ്രൊജക്ടിനെക്കുറിച്ച് കേട്ടതും താന്‍ ഓക്കെ പറഞ്ഞെന്നും ഒരു മാസത്തിന് ശേഷമാണ് താന്‍ സെറ്റില്‍ ജോയിന്‍ ചെയ്തതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. പേര്‍ളി മാണിയോട് സംസാരിക്കുകയായിരുന്നു താരം.

ഞാനവിടെ എത്തിയപ്പോള്‍ വിശാല്‍ ഉണ്ടായിരുന്നില്ല. എവിടെപ്പോയെന്ന് ഡയറക്ടറോട് ചോദിച്ചപ്പോള്‍ ‘അവനെ ചെന്നൈയിലേക്ക് പറഞ്ഞുവിട്ടു’ എന്നായിരുന്നു മറുപടി. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ‘വിശാല്‍ എന്തൊക്കെ ചെയ്തിട്ടും വിശാലിനെപ്പോലെ തോന്നുന്നു. അതുകൊണ്ട് കണ്ണും പല്ലുമൊക്കെ മാറ്റം വരുത്താന്‍ വേണ്ടി ചെന്നൈയിലേക്ക് പോയതാണ്’ എന്ന് പറഞ്ഞു.

അവന്‍ ഇവന്‍ Photo: Jio Hotstar

ഒരു മാസത്തോളം ഷൂട്ട് ചെയ്തതിന് ശേഷമാണ് ബാല സാര്‍ വിശാലിനെ ഗെറ്റപ്പ് മാറ്റാന്‍ പറഞ്ഞുവിട്ടത്. അതുവരെ ഷൂട്ട് ചെയ്തത് എന്ത് ചെയ്യുമെന്ന്‌ചോദിച്ചപ്പോള്‍ ‘അതൊക്കെ കളയും, വേറെ വഴിയില്ല’ എന്ന് പറഞ്ഞു. ഞാനത് കേട്ട് അന്തംവിട്ടു. അദ്ദേഹത്തിന്റെ രീതി അതാണ്. ഞാനും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ആ പടം ചെയ്തത്. എന്റെ പോര്‍ഷന്‍ ഷൂട്ട് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് സ്‌ക്രിപ്റ്റ് കംപ്ലീറ്റായി എന്ന് അസിസ്റ്റന്റ് അറിയിച്ചത്. ബാല സാര്‍ വേറൊരു ലീഗാണ്,’ ആര്യ പറയുന്നു.

വന്‍ താരനിരയിലും ബജറ്റിലുമാണ് അനന്തന്‍കാട് ഒരുങ്ങുന്നത്. തിരുവനന്തപുരത്തെക്കുറിച്ചുള്ള രാഷ്ട്രീയം സംസാരിക്കുന്ന ചിത്രത്തില്‍ ആര്യക്ക് പുറമെ വിജയരാഘവന്‍, നഖില വിമല്‍, സുനില്‍, ഇന്ദ്രന്‍സ്, അപ്പാനി ശരത്, മുരളി ഗോപി തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ജൂണ്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Arya shares the shooting experience of Avan Ivan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം