ജൂറിയുടെ ഗസ വിരുദ്ധ പരാമര്‍ശം; ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ നിന്ന് പിന്മാറി അരുന്ധതി റോയ്
India
ജൂറിയുടെ ഗസ വിരുദ്ധ പരാമര്‍ശം; ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ നിന്ന് പിന്മാറി അരുന്ധതി റോയ്
നിഷാന. വി.വി
Saturday, 14th February 2026, 8:35 am

ന്യൂദല്‍ഹി: 2026 ലെ ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറി നൊബേല്‍ സമ്മാന ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.

ഗസയിലെ വംശഹത്യയെക്കുറിച്ചുള്ള ജൂറി അംഗങ്ങളുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

അരുന്ധതി റോയ് തിരക്കഥയെഴുതിയ ‘ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ്’ (In Which Annie Gives It Those Ones) എന്ന ചിത്രം മേളയിലെ ക്ലാസിക് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ മേളയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഫെബ്രുവരി 12 ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗസയെക്കുറിച്ചുള്ള ചോദ്യത്തിന് ഗസ വിഷയത്തില്‍ രാഷ്ട്രീയം പറയേണ്ടതില്ലെന്നും കലാകാരന്മാര്‍ അവരുടെ കലാ സൃഷ്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമായിരുന്നു ജൂറി അധ്യക്ഷന്‍ വിം വെന്‍ഡേഴ്‌സിന്റെയും മറ്റ് അംഗങ്ങളുടെയും നിലപാട്.

സിനിമകള്‍ക്ക് ആശയങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെങ്കിലും അവ രാഷ്ട്രീയ തീരുമാനങ്ങളെ നേരിട്ട് രൂപപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് അരുന്ധതി റോയിയുടെ പിന്മാറ്റം.

കല രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന പ്രസ്താവന തന്നെ ഞെട്ടിക്കുകയും വെറുപ്പുളവാക്കുകയും ചെയ്തുവെന്ന് അരുന്ധതി റോയ് പ്രതികരിച്ചു.

‘ഗസയില്‍ നടക്കുന്നത് വംശഹത്യയാണ്, ഇതിന് അമേരിക്കയും ജര്‍മ്മനിയും കൂട്ട് നില്‍ക്കുന്നു. ഇതിനെതിരെ സംസാരിക്കാന്‍ തയ്യാറാവാത്ത കലാകാരന്മാരെ ചരിത്രം വിചാരണ ചെയ്യും,’ അരുന്ധതി റോയ് പറഞ്ഞു.

ഇത്തരം നിലപാടുകള്‍ വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്നതിന് തുല്യമാണെന്നും നിഷ്പക്ഷത പാലിക്കുന്നുവെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആക്രമണങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബെര്‍ലിനില്‍ ഫെബ്രുവരി 12 ന് ആരംഭിച്ച് 22 ന് അവസാനിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലൊന്നാണ് ബെര്‍ലിനാലെ.

Content Highlight: Arudhti Roy withdraws from Berlin Film Festival over jury’s anti-Gaza remark

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.