ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
“അര്‍ണബ് ഗോസ്വാമിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അടച്ചു, ഭാര്യ സ്ഥിരീകരിച്ചു”; അര്‍ണബിനെ ട്രോളി പാക്കിസ്ഥാനി ടി.വി അവതാരകന്‍
ന്യൂസ് ഡെസ്‌ക്
Sunday 10th March 2019 4:11pm

 

ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയെ അനുകരിച്ചുള്ള പാക് അവതാരകന്റെ വീഡിയോ വൈറലാവുന്നു. പാക്കിസ്ഥാനിലെ പബ്ലിക് ടി.വി അവതാരകനായ ഫൈസല്‍ ഖുറേഷിയാണ് അര്‍ണബിനെ പരിഹസിക്കുന്നത്.

ടൈംസ് നൗവില്‍ ആയിരിക്കെ അര്‍ണബ് ചെയ്ത ഒരു റിപ്പോര്‍ട്ടിനെ അനുകരിച്ചാണ് ഖുറേഷിയുടെ പരിഹാസം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വീഡിയോ ടൈംസ് നൗവിലായിരിക്കെ അര്‍ണബ് ചെയ്തിരുന്നു.

ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് ഏറ്റവുമൊടുവിലത്തെ തെളിവ് എന്ന അവകാശവാദവുമായി അദ്ദേഹം ദാവൂദിന്റെ ഭാര്യ മഹ്ജബീന്‍ ഷെയ്‌ക്കെന്ന് അവകാശപ്പെട്ട് ഒരു യുവതിയുമായി സംസാരിച്ചിരുന്നു. യുവതിയോട് ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയാണോ നിങ്ങള്‍ എന്തു ചോദിക്കുമ്പോള്‍ ‘ അതെ, അദ്ദേഹം ഉറങ്ങുകയാണ്’ എന്നിവര്‍ മറുപടി നല്‍കുന്നതിന്റെ ഓഡിയോയാണ് ടൈംസ് നൗ പുറത്തുവിട്ടത്.

Also read:വടകരയില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി.ഐ: മൂന്ന് മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ തീരുമാനം

ബ്രേക്കിങ് ന്യൂസ് എന്ന അവകാശവാദത്തോടെ ഇത്തരമൊരു കാര്യം റിപ്പോര്‍ട്ടു ചെയ്തതിനെയാണ് ഖുറേഷി പരിഹസിക്കുന്നത്. ലൈവ് ബ്രോഡ് കാസ്റ്റിനിടെ അദ്ദേഹം മൊബൈല്‍ ഫോണ്‍ എടുത്ത് ഒരു യുവതിയോട് എന്ന തരത്തില്‍ സംസാരിക്കുകയാണ്. അര്‍ണബിന്റെ ഭാര്യയാണിതെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു. ഗോസ്വാമിയുടെ ബീഗം എന്നാണ് ഖുറേഷി അവരെ അഭിസംബോധന ചെയ്യുന്നത്.

‘ഇത് ബ്രേക്കിങ് ന്യൂസാണ്. അര്‍ണബ് ഗോസ്വാമിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അടച്ചു. അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരീകരിച്ചു. അര്‍ണബ് ഗോസ്വാമി ഭ്രാന്തനാണെന്നതിന് നമുക്ക് നിഷേധിക്കാന്‍ കഴിയാത്ത തെളിവുണ്ട്.’ എന്നു പറഞ്ഞ് ഖുറേഷി പരിഹസിക്കുകയും ചെയ്തു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisement