2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഒരുങ്ങുകയാണ്. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.

മറുഭാഗത്ത് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

ഇത്തവണ ലോക കിരീടം നേടിയാല്‍ ഒരു ചരിത്രനേട്ടമാണ് അര്‍ജന്റീനയെ കാത്തിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമെന്ന നേട്ടത്തിന്റെ അരികിലാണ് ലയണല്‍ മെസിയും സംഘവും.

ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് കിരീടം നിലനിര്‍ത്തിയിട്ടുള്ളത്. അഞ്ച് തവണ ലോക കിരീടം ചൂടിയ ബ്രസീലും നാല് തവണ ചാമ്പ്യന്മാരായ ഇറ്റലിയുമാണ്. 1934ലും 1938 കപ്പുയര്‍ത്തി അസൂറിപ്പടയാണ് ആദ്യമായി ഈ നേട്ടത്തിന് ഉടമകളായത്.

1934ല്‍ ചെക്കോസ്ലോവാക്യയെ പരാജയപ്പെടുത്തിയായിരുന്നു ഇറ്റലിയുടെ ആദ്യ കിരീടനേട്ടം. വിറ്റോറിയോ പോസോയുടെ സംഘം അടുത്ത ലോകകപ്പിലും തങ്ങളുടെ കിരീടനേട്ടം ആവര്‍ത്തിച്ചു. 1938ല്‍ ഹംഗറിയെ വീഴ്ത്തിയാണ് ഇറ്റലി ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യത്തെ ടീമായി തങ്ങളുടെ പേര് ചരിത്രത്തില്‍ കുറിച്ചത്.

ഇറ്റലിയുടെ നേട്ടത്തിന് ശേഷം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1958ല്‍ സ്വീഡനെ തകര്‍ത്തെറിഞ്ഞായിരുന്നു ബ്രസീല്‍ തങ്ങളുടെ ആദ്യ കിരീടം കൈപ്പിടിയിലാക്കിയത്.

1962ല്‍ ചെക്കോസ്ലോവാക്യയെ ഫൈനലില്‍ പരാജയപ്പെടുത്തി ഇതിഹാസതാരം പെലെയടക്കമുള്ള കാനറിപ്പട ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയിലെത്തി. ഒപ്പം കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമെന്ന ചരിത്രനേട്ടവും ബ്രസീല്‍ സ്വന്തമാക്കി.

അതിനുശേഷം 16 ലോകകപ്പ് എഡിഷനുകള്‍ അവസാനിച്ചു. കിരീടത്തിന് പല അവകാശികളുമെത്തി. എന്നാല്‍, മറ്റൊരു ടീമിനും തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ തങ്ങളുടെ പേരുകള്‍ എഴുതിച്ചേര്‍ക്കാന്‍ സാധിച്ചില്ല.

ഇപ്പോള്‍ ഫൈനലില്‍ സ്പാനിഷ് പടയെ കൂടി മറികടന്നത് മെസിക്കും സംഘത്തിനും ഈ അപൂര്‍വ നേട്ടത്തില്‍ പങ്കാളികളാവാന്‍ സാധിക്കും.

 

Content Highlight: Argentina need one world cup to create a new record in world cup history