നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2 സൂപ്പർ ഹിറ്റായി കുതിക്കുകയാണ്. ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാളികൾക്ക് സുപരിചിതരായ ഹാഷിറും സംഘവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇതിനോടകം 200 കോടി കളക്ഷനും നേടി വമ്പൻ വിജയയാത്ര തുടരുകയാണ്.
ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബിജു കുട്ടനും സുധീഷും അൽഫോൻസ് പുത്രനും പ്രധാന വേഷങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
കൂടാതെ ചിത്രത്തിലെ നായികമാരും പ്രേക്ഷക ശ്രദ്ധ നേടി. ഹാഷിറിന്റെ നായികയായെത്തിയ എയ്ഞ്ചൽ മരിയയും അലന്റെ നായികയായെത്തിയ ആരാധ്യ സായിയും പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തന്നോട് എല്ലാവരും അലൻ ചേട്ടന്റെ പെണ്ണല്ലേ എന്നാണ് ചോദിക്കുക എന്ന് പറയുകയാണ് ആരാധ്യ.
‘ചിത്രം റിലീസ് ആയ ആദ്യ ദിവസങ്ങളിൽ തിയറ്ററിൽ പോയപ്പോൾ ആരും എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഞാൻ ഓഡിയന്‌സിൻ്റെ ഇടയിൽ താഴെ ഇരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്ന് വളരെ കൗതുകത്തോടെ ചോദിച്ചത് ‘ഇത് അലൻ ചേട്ടന്റെ പെണ്ണല്ലേ, ഒരു ഫോട്ടോ എടുത്തോട്ടെ’ എന്ന്.
ആ കുട്ടി സെൽഫി എടുക്കാൻ തുടങ്ങിയപ്പോഴാണ് തൊട്ടടുത്തിരുന്ന ചേച്ചി പോലും ഞാൻ ഈ സിനിമയിൽ അഭിനയിച്ച കുട്ടിയാണെന്ന് തിരിച്ചറിയുന്നത്.
സത്യം പറഞ്ഞാൽ സിനിമയിലെ എൻ്റെ രൂപവും നേരിട്ടുള്ള രൂപവും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. സിനിമയുടെ ചിത്രീകരണം നടന്ന് ഏകദേശം ഒരു വർഷം കഴിഞ്ഞാണല്ലോ പുറത്തിറങ്ങുന്നത്, ആ മാറ്റം എൻ്റെ മുഖത്തുമുണ്ടാവാം.
ആരാധ്യ സായ്, Photo: YouTube/ Screengrab
എന്നാൽ ഇപ്പോൾ സ്‌ഥിതി മാറി തുടങ്ങിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ ഫോണിലെ വിഡിയോകളുമായും മറ്റും എൻ്റെ മുഖം ഒത്തുനോക്കി തിരിച്ചറിയാനും സംസാരിക്കാനുമൊക്കെ തുടങ്ങുന്നത് വലിയൊരു സന്തോഷമാണ്,’ ആരാധ്യ പറഞ്ഞു.
കൂടാതെ പുതിയ പ്രോജക്റ്റുകൾ വിളിക്കുന്നുണ്ടെന്നും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഉറപ്പിക്കാനായിട്ടില്ലെന്നും താരം പറഞ്ഞു. നല്ല കഥാപാത്രങ്ങളും മികച്ച അവസരങ്ങളും തേടി വരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും വാഴ 3 യിൽ ഉണ്ടാകുമോയെന്ന് ഉറപ്പില്ല, ഉണ്ടായാൽ അത് തന്റെ ഭാഗ്യമാണെന്നും താരം പറഞ്ഞു.
‘വാഴ’ സിനിമയുടെ മൂന്നാം ഭാഗം പെൺകുട്ടികളുടെ കഥയാണെന്ന് പ്രഖ്യാപിച്ചത് കണ്ടു. അതിൽ ഞങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല
എങ്കിലും, ഈ വലിയ വിജയത്തിന്റെ ഭാഗമായ ഒരാളെന്ന നിലയിൽ ചെറിയൊരു പ്രതീക്ഷ ഉള്ളിലുണ്ട്. വീണ്ടും ആ ടീമിനൊപ്പം പ്രവർത്തിക്കാനും ആ വലിയ വിജയയാത്രയിൽ പങ്കുചേരാനും കഴിഞ്ഞാൽ അത് എന്നെ സംബന്ധിച്ച് വലിയൊരു സന്തോഷമായിരിക്കും,’ ആരാധ്യ കൂട്ടിച്ചേർത്തു.
Content Highlight: Aradhya sayi talkk about the movie Vazha 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.