ഇങ്ങനെയൊക്കെയാണെങ്കിലെന്താ, അഭിനയത്തില്‍ ആന്റണി മെച്ചപ്പെട്ടു; ഇന്‍സ്പെക്ടറായിട്ട് പ്രൊമോഷനും വാങ്ങി!
Movie Day
ഇങ്ങനെയൊക്കെയാണെങ്കിലെന്താ, അഭിനയത്തില്‍ ആന്റണി മെച്ചപ്പെട്ടു; ഇന്‍സ്പെക്ടറായിട്ട് പ്രൊമോഷനും വാങ്ങി!
അക്ഷര
Saturday, 20th June 2026, 5:23 pm

‘ദൃശ്യം 3’ തിയേറ്ററുകളില്‍ എത്തിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയുമൊക്കെ വലിയ രീതിയില്‍ ഇഴകീറി പരിശോധിക്കപ്പെടുകയും ട്രോളുകള്‍ക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ട്രോള്‍ മഴയ്ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്ന ഒരാളുണ്ട് ‘ആന്റണി’ എന്ന പൊലീസ് കഥാപാത്രത്തെ ചെയ്ത ആന്റണി പെരുമ്പാവൂര്‍.

‘ദൃശ്യം’ ഫ്രാഞ്ചൈസി വളരുന്നതിനൊപ്പം തന്നെ തന്റെ അഭിനയവും ആന്റണി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ കുറിക്കുന്നത്. മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോഴേക്കും ഇന്‍സ്‌പെക്ടറായി ആന്റണി പ്രൊമോഷന്‍ വാങ്ങിയെന്നും ചിലര്‍ പറഞ്ഞു.

കമ്മീഷണറും ഫിലിപ്പും ആന്റണിയും തമ്മിലുള്ള രംഗം ഷെയര്‍ ചെയ്തുകൊണ്ടാണ് സീന്‍ ആന്റണി തൂക്കിയെന്ന തരത്തില്‍ കമന്റുകള്‍ വരുന്നത്.

സിനിമാ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാണ് വരുണ്‍ കേസുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്ന് പുറത്തായ സഹദേവനെ കുറിച്ചുള്ള അന്വേഷണ രംഗം:

കമ്മിഷണര്‍: ‘ഫിലിപ്പേ, ആ വരുണ്‍ കേസിലെ സഹദേവനെ അറിയോ?’
ഫിലിപ്പ്: ‘സാര്‍…, നേരിട്ട് എനിക്ക് അറിയില്ല, പറഞ്ഞു കേട്ട് അറിയാം… ചിലപ്പോ ആന്റണിക്ക് അറിയാരിക്കും…!’
കമ്മിഷണര്‍: ‘ആന്റണി… ആ വരുണ്‍ കേസില്‍ പുറത്തായ സഹദേവനെ പറ്റി എന്തെങ്കിലും അറിയോ?’
ആന്റണി: ‘അറിയാം സാര്‍, ആള്‍ ഇപ്പൊ വണ്ടി കച്ചവടവും സ്ഥലകച്ചവടവും ഒക്കെ ആയിട്ട് ബ്രോക്കര്‍ ആണ്.. നല്ല കുടി ആണെന്ന കേട്ടെ.. കാശ് കിട്ടുന്ന എന്ത് പണിയും അയാള്‍ ചെയ്യും….’
കമ്മിഷണര്‍: ‘അയാളെ കുറിച്ച് ഒന്ന് അന്വേഷിപ്പിക്കണം.. I want his full file on my desk as soon as possible…’

ഈയൊരു സീനില്‍ പഴയ സുരേഷ് ഗോപി ചിത്രങ്ങളിലെ പോലെ ഒരു തകര്‍പ്പന്‍ ‘കമ്മീഷണര്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്’ കൂടി ചേരുമായിരുന്നെന്നും ചിലര്‍ ട്രോളുന്നുണ്ട്.

എങ്കിലും, ആന്റണി പെരുമ്പാവൂര്‍ ആ രംഗം അത്യാവശ്യം നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കഥാപാത്രത്തിന് ആവശ്യമായ പക്വതയോടെയും ഒട്ടും മോശമാക്കാതെയുമാണ് ആ സീന്‍ ചെയ്തു ഫലിപ്പിച്ചതെന്നും ചിലര്‍ കുറിച്ചു.

മറ്റു പല കഥാപാത്രങ്ങളുടെയും പ്രകടനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ്, മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് അഭിനയത്തില്‍ വലിയ പുരോഗതി കാണിച്ച ആന്റണി പെരുമ്പാവൂരിന് സോഷ്യല്‍ മീഡിയയില്‍ പിന്തുണ ലഭിക്കുന്നത്.

Content Highlight: Antony Perumbavoor has improved his acting in Drishyam 3