സൗത്ത് ഇന്ത്യന്‍ സിനിമയിലെ സെന്‍സേഷണല്‍ സംഗീത സംവിധായകനാണ് അനിരുദ്ധ്. കൈവെച്ച പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററാക്കുന്നതില്‍ മറ്റ് സംഗീത സംവിധായകരെക്കാള്‍ ഒരുപാട് മുന്നിലാണ് അനിരുദ്ധ്. ആരാധകര്‍ സമ്മാനിച്ച റോക്ക്‌സ്റ്റാര്‍ എന്ന ടൈറ്റിലിനോട് നീതി പുലര്‍ത്തുന്ന പാട്ടുകളാണ് അനി പലപ്പോഴും ഒരുക്കാറുള്ളത്.

ബി.ജി.എമ്മും പാട്ടുകളും കൊണ്ട് മാത്രം ഒരു സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കാമെന്ന് ഡി.സിയിലൂടെ അനിരുദ്ധ് കാണിച്ചുതന്നിട്ടുണ്ട്. ഓരോ പാട്ടും ബി.ജി.എമ്മും തിയേറ്ററില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലായിരുന്നു. സൂപ്പര്‍താരങ്ങളുടെ സിനിമയില്‍ ഇപ്പോള്‍ ആദ്യ ചോയ്‌സാണ് അനി. കഴിഞ്ഞദിവസം പുറത്തുവിട്ട ജയിലര്‍ 2ലെ ‘വണ്‍ സണ്‍, വണ്‍ മൂണ്‍’ എന്ന പാട്ടും ഇതിനോടകം ഹിറ്റായി.

തമിഴില്‍ അനിരുദ്ധ് പാട്ടുകളൊരുക്കിയ സിനിമകള്‍ ഹിറ്റാകുമെങ്കിലും തെലുങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. തെലുങ്കില്‍ അനിരുദ്ധ് കമ്പോസ് ചെയ്ത ആറ് സിനിമകളില്‍ അഞ്ചും ഫ്‌ളോപ്പാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പാരഡൈസ് പരാജയമായതോടെയാണ് ടോളിവുഡില്‍ അനിയുടെ ട്രാക്ക് റെക്കോഡ് ചര്‍ച്ചയായത്. പാട്ടുകളെല്ലാം നല്ലതാണെങ്കിലും സിനിമ അതിനൊത്ത് മികച്ചതാകാറില്ല.

പവന്‍ കല്യാണിന്റെ അജ്ഞാതവാസിയിലൂടെയായിരുന്നു അനിയുടെ ടോളിവുഡ് എന്‍ട്രി. തെലുങ്ക് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലായിരുന്നു ചിത്രം എത്തിയത്. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ആരാധകര്‍ തന്നെ അജ്ഞാതവാസിയെ കൈയൊഴിഞ്ഞു. തെലുങ്കില്‍ താരത്തിന്റെ അരങ്ങേറ്റം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി.

പിന്നീട് രണ്ട് ബാങ്ങര്‍ ആല്‍ബങ്ങളാണ് അനി തെലുങ്കില്‍ ഒരുക്കിയത്. നാനി നായകനായ ജേഴ്‌സി അള്‍ട്ടിമേറ്റ് രോമാഞ്ചമാണ് സമ്മാനിച്ചത്. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം ചിത്രം സ്വന്തമാക്കി. നാനിക്കൊപ്പം വീണ്ടും ഒന്നിച്ച ഗ്യാങ് ലീഡര്‍ മികച്ച സിനിമയായിരുന്നിട്ടും തെലുങ്ക് ഓഡിയന്‍സ് യാതൊരു ദയയുമില്ലാതെ പൊട്ടിച്ച് കൈയില്‍ കൊടുത്തു. അവിടെയും അനിരുദ്ധ് നിരാശപ്പെടുത്തിയിരുന്നില്ലെന്നതാണ് ശ്രദ്ധേയം.

ഒരിടവേളക്ക് ശേഷം 2024ലാണ് അനിരുദ്ധ് വീണ്ടും തെലുങ്കിലേക്ക് എത്തിയത്. ജൂനിയര്‍ എന്‍.ടി.ആറിന്റെ ദേവര അനിയുടെ സംഗീതം കൊണ്ട് മാത്രം പിടിച്ചുനിന്ന ചിത്രമാണ്. ബോക്‌സ് ഓഫീസില്‍ 400 കോടിക്ക് മുകളില്‍ നേടിയിരുന്നെങ്കിലും ഓവര്‍ ബജറ്റായതുകൊണ്ട് നിര്‍മാതാക്കള്‍ക്ക് വലിയ ലാഭം നല്‍കിയില്ല. വിജയ് ദേവരകൊണ്ടയുടെ കിങ്ഡത്തിലും സ്ഥിതി വ്യത്യസ്തമല്ല. ‘രഗിലേ’ എന്ന പാട്ട് കൊണ്ട് ഹൈപ്പ് ഉയര്‍ന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി.

ഇപ്പോഴിതാ പാരഡൈസും അതേ പാതയിലാണ്. മികച്ച ആല്‍ബങ്ങളായിരുന്നിട്ടും സിനിമ പരാജയമായതുകൊണ്ട് മാത്രം ശ്രദ്ധ നേടാതെ പോവുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Anirudh’s films in Telugu didn’t working on Box Office