ലോകകപ്പില്‍ ഇന്ത്യ അവരെ മിസ് ചെയ്യും: കുംബ്ലെ
Cricket
ലോകകപ്പില്‍ ഇന്ത്യ അവരെ മിസ് ചെയ്യും: കുംബ്ലെ
ഫസീഹ പി.സി.
Tuesday, 3rd February 2026, 8:47 am

2026 ടി – 20 ലോകകപ്പിനാണ് ആരാധകരെല്ലാം കാത്തിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതലാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. മാര്‍ച്ച് എട്ടിനാണ് 20 ടീമുകള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോര്.

ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും മിസ് ചെയ്യുമെന്ന് പറയുകയാണ് മുന്‍ താരം അനില്‍ കുംബ്ലെ. ടൂര്‍ണമെന്റില്‍ അനുഭവ സമ്പത്ത് നിര്‍ണായകമാണെന്നും അവരുടെ പരിചയ സമ്പന്നത ഇന്ത്യയ്ക്ക് നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും ഇപ്പോഴത്തെ ടീം മികച്ച ബൗളിങ്ങും ബാറ്റിങ്ങുമായി കരുത്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

അനിൽ കുംബ്ലെ.. Photo: indianTeamCric/x.com

 ‘ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും പരിചയസമ്പന്നത ഇന്ത്യയ്ക്ക് നഷ്ടമാവും. എന്നാല്‍, ഇപ്പോഴത്തെ ടീം കരുത്തരാണ്. ടീമിന് മികച്ച ബൗളിങ് യൂണിറ്റും ബാറ്റിങ് യൂണിറ്റുമുണ്ട്. കൂടാതെ ടോപ് ഓര്‍ഡറിലെ വ്യത്യസ്ത സമീപനവും ടീമിന് മുതല്‍ക്കൂട്ടാണ്.

പക്ഷേ, 2024-ലെ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അന്നത്തെ ടീമിന് ഇപ്പോഴത്തെ ടീമിനെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ നിലവാരമുണ്ട്. എങ്കിലും ഈ ടീം ഏകദേശം 2024ലെ ടീമിന് അടുത്ത് തന്നെയാണ്.

എന്നാല്‍, ഇത്തരം വലിയ ടൂര്‍ണമെന്റുകളില്‍ അനുഭവസമ്പത്ത് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ സൂര്യകുമാര്‍ യാദവിന്റെ പങ്ക് വളരെ വലുതാണ്. നിര്‍ണായക നിമിഷങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അവന് സാധിക്കും,’ കുംബ്ലെ പറഞ്ഞു.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുംPhoto: Shebas/x.com

അതേസമയം, ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനാണ് മെന്‍ ഇന്‍ ബ്ലൂ സംഘമിറങ്ങുന്നത്. ഉദ്ഘാടന മത്സരം തന്നെ ഇന്ത്യയുടെ മത്സരമുണ്ട്. യു.എസ്.എയാണ് എതിരാളികള്‍.

ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍

Content Highlight: Anil Kumble says that India will miss Virat Kohli and Rohit Sharma’s experience in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി