'സൂര്യ സാറിനെ കാണുകയാണെങ്കിൽ അത് ഒന്നിച്ച് അഭിനയിക്കാൻ വേണ്ടി മാത്രമായിരിക്കും എന്ന് അമ്മയോട് പറഞ്ഞിരുന്നു':അനഘ രവി
Indian Cinema
'സൂര്യ സാറിനെ കാണുകയാണെങ്കിൽ അത് ഒന്നിച്ച് അഭിനയിക്കാൻ വേണ്ടി മാത്രമായിരിക്കും എന്ന് അമ്മയോട് പറഞ്ഞിരുന്നു':അനഘ രവി
കെ.എസ് ഷാബിന
Sunday, 24th May 2026, 2:27 pm

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ മലയാളി താരം അനഘ മായ രവി സൂര്യയുമായുള്ള തന്റെ കണ്ടുമുട്ടലിനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് .
റെഡ് എഫ്.എമ്മിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഈ രസകരമായ ഓർമ പങ്കുവെച്ചത്.

‘ഞാൻ ‘കാതൽ’ സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് അത് സംഭവിച്ചത്. അന്ന് എനിക്ക് ഷൂട്ടിങ് ഇല്ലാത്തതിനാൽ ഞാൻ റൂമിൽ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് അസിസ്റ്റന്റ് വിളിച്ച് മമ്മൂക്കയുമായുള്ള ഒരു വീഡിയോ കോൾ സീൻ ഷൂട്ട് ചെയ്യാനുണ്ടെന്ന് പറയുന്നത്. അങ്ങനെ പെട്ടെന്ന് തന്നെ ആ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു.

കറുപ്പ്.Photo:ScreenGrab

പക്ഷേ, ഞാൻ കോൾ കട്ട് ചെയ്തില്ലായിരുന്നു. അപ്പോൾ മമ്മൂട്ടി സാർ ഫോൺ വാങ്ങിയിട്ട് ‘ഒരാൾക്ക് കൊടുക്കാം’ എന്ന് പറഞ്ഞ് ക്യാമറ തിരിച്ചപ്പോൾ ഞാൻ കാണുന്നത് സൂര്യ സാറിനെയും ജ്യോതിക മാമിനെയുമാണ്! അതുവരെ നേരിട്ട് പോലും കണ്ടിട്ടില്ലാത്ത സൂര്യ സാർ എന്നോട് ഫസ്റ്റ് ചോദിച്ചത്, ‘എന്താ അനഘ വരാഞ്ഞത്, ഇവിടെ നിന്നെ സെറ്റിൽ മിസ്സ് ചെയ്യുന്നുണ്ട്’ എന്നാണ്. എനിക്ക് ശരിക്കും അതൊരു വല്ലാത്ത മൊമെന്റ് ആയിരുന്നു.

പിന്നീട് ഞാൻ റൂമിലെത്തി അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ, ‘അവിടെ തൊട്ടടുത്തല്ലേ പോയി നേരിട്ട് കാണാമായിരുന്നില്ലേ’ എന്ന് അമ്മ ചോദിച്ചു. അപ്പോഴാണ് ഞാൻ അമ്മയോട് ചുമ്മാ പറയുന്നത്, ‘ഞാൻ സൂര്യ സാറിനെ കാണുകയാണെങ്കിൽ അത് ഒന്നിച്ച് അഭിനയിക്കാൻ വേണ്ടി മാത്രമായിരിക്കും’ എന്ന്. അങ്ങനെ ചിന്തിക്കുമ്പോൾ എന്തോ ഒരു പ്രത്യേക പവർ ഉള്ളതുപോലെ എനിക്ക് തോന്നുമായിരുന്നു.’അനഘ പറഞ്ഞു.

കറുപ്പ്.Photo:ScreenGrab

മേയ് 15-ന് റിലീസ് ചെയ്ത ‘കറുപ്പ്’ നിലവിൽ ഇക്കൊല്ലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമയായി മാറിക്കഴിഞ്ഞു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമെന്ന റെക്കോർഡും ഇതോടെ ഈ ഫാന്റസി ആക്ഷൻ ഡ്രാമ സ്വന്തമാക്കി. ചിത്രത്തിൽ ഇന്ദ്രൻസിന്റെ മകളായ ‘ബിനു’ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴകത്ത് ഗംഭീര എൻട്രിയാണ് അനഘ നടത്തിയിരിക്കുന്നത്. തിയേറ്ററുകളിൽ അനഘയുടെ പ്രകടനത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.

‘ന്യൂ നോർമൽ’ എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ അനഘ, മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. തുടർന്ന് ‘അന്വേഷിപ്പിൻ കണ്ടെത്തും’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ ചെയ്തു.

കറുപ്പ്.Photo:X.com

ലിവർ ട്രാൻസ്പ്ലാന്റിനായി കാത്തിരിക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന അഴിമതി നിറഞ്ഞ കോടതി വ്യവസ്ഥക്കെതിരെ ‘വേട്ടക്കറുപ്പ്’ എന്ന കാവൽദൈവം ഒരു വക്കീലിന്റെ വേഷത്തിൽ എത്തി പോരാടുന്നതാണ് സിനിമയുടെ പ്രമേയം. തൃഷ, ആർ.ജെ. ബാലാജി, ഇന്ദ്രൻസ് എന്നിവർക്കൊപ്പം അനഘയും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പുതുചരിത്രമെഴുതി മുന്നേറുകയാണ്.

Content Highlight: Anagha ravi talks about meeting suriya

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.