എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷാ കേരളത്തില്‍ വന്നത് ജനങ്ങളുടേ പേടി മാറ്റാനാണെന്ന് കുമ്മനം
എഡിറ്റര്‍
Sunday 8th October 2017 12:14pm


കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ പേടി മാറ്റാനാണ് അമിത്ഷാ വന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഒക്ടോബര്‍ പതിനേഴിന് അമിത് ഷാ കേരളത്തിലേക്ക് വീണ്ടും വരുമെന്നും കുമ്മനം പറഞ്ഞു.

ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ സഞ്ചാര സ്വാതന്ത്ര്യം അമിത് ഷായ്ക്കുമുണ്ടെന്നും കുമ്മനം പറഞ്ഞു. ജനരക്ഷാ യാത്രയുടെ ഭാഗമായി കോഴിക്കോട് സംസാരിക്കുകയായിരുന്നു കുമ്മനം.

നേരത്തെ കണ്ണൂരിലെ പിണറായിയിലും തലശ്ശേരിയിലും സംഘടിപ്പിച്ച ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ അമിത് ഷാ ദല്‍ഹിയിലേക്ക് പോയിരുന്നു. ജനപങ്കാളിത്തം കുറഞ്ഞതായിരുന്നു അമിത് ഷാ തിരിച്ചുപോകാന്‍ കാരണം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത തിരക്കുകളുണ്ടെന്നതായിരുന്നു ഔദ്യോഗിക വിശദീകരണം.

ജനരക്ഷാ യാത്രയില്‍ സി.പി.ഐ.എം നേതാവ് പി. ജയരാജനെതിരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ചതിന് യാത്ര കണ്‍വീനറുമായ വി.മുരളീധരനും പ്രവര്‍ത്തകര്‍ക്കെതിരെയും കൂത്ത്പറമ്പ് പൊലീസ് ഇന്ന് കേസെടുത്തിരുന്നു.

രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, ഭീഷണി മുഴക്കുന്ന രീതിയില്‍ മുദ്രാ വാക്യം മുഴക്കി, വീഡിയോ സേഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.
സി.പി.ഐ.എം നേതാക്കളെ ശാരീരകമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളായിരുന്നു ജനരക്ഷാ യാത്രയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴക്കിയത്. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ പി.ജയരാജനെതിരെ മ ‘ ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല’. എന്നായിരുന്നു മുദ്രാവാക്യം.

ഇതിന്റെ വീഡിയോ വി.മുരളീധരന്‍ ഫേസ്ബുക്കിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു.

Advertisement