'ഡ്രഗ്‌സ് അടി ശീലമായാല്‍ പിച്ചും പേയും പറയും, കിളി പോകും, സാമാനം വരെ അടിച്ചുപോകും' ഒറ്റ ഡയലോഗില്‍ വാഴ 2 തൂക്കിയ അല്‍ഫോണ്‍സ് പുത്രന്‍
Malayalam Cinema
'ഡ്രഗ്‌സ് അടി ശീലമായാല്‍ പിച്ചും പേയും പറയും, കിളി പോകും, സാമാനം വരെ അടിച്ചുപോകും' ഒറ്റ ഡയലോഗില്‍ വാഴ 2 തൂക്കിയ അല്‍ഫോണ്‍സ് പുത്രന്‍
അമര്‍നാഥ് എം.
Saturday, 4th April 2026, 11:43 am

ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലേക്ക് ആളെക്കയറ്റാന്‍ പാകത്തിന് വന്ന എന്റര്‍ടൈനറെന്നാണ് വാഴ 2നെ പലരും വിശേഷിപ്പിക്കുന്നത്. ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗവും കേരളത്തിലെ യുവാക്കള്‍ നേരിടുന്ന പ്രശ്‌നമാണ് അഡ്രസ് ചെയ്യുന്നത്. ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിപിന്‍ ദാസ് വാഴ 2ന്റെ സ്‌ക്രിപ്റ്റിനെ സമീപിച്ചത്.

വാഴയില്‍ വെറും മൂന്ന് സീനുകള്‍ മാത്രം ലഭിച്ച ഹാഷിറും ഗ്യാങ്ങും ഒരു മുഴുനീള സിനിമ ഷോള്‍ഡര്‍ ചെയ്ത് മോളിവുഡില്‍ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്. കൗമാരകാലത്തെ പ്രശ്‌നങ്ങളും പിന്നീട് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവുമായുള്ള പൊരുത്തപ്പെടലുകളും കൃത്യമായി വരച്ചുചേര്‍ത്ത ചിത്രമാണ് വാഴ 2. കോമഡിയും ഇമോഷനുമെല്ലാം നിറഞ്ഞ കഥയില്‍ കേരളം ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങളെയും തുറന്നുകാട്ടുന്നുണ്ട്.

വാഴ 2 Photo: Screen grab/Think Music India

വലിയ താരനിര അണിനിരന്ന ചിത്രത്തില്‍ പല കഥാപാത്രങ്ങളും മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അത്തരത്തില്‍ സിനിമയില്‍ സ്‌കോര്‍ ചെയ്ത കഥാപാത്രങ്ങളിലൊന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച സി.ഐ സേവിയര്‍. പേരുപോലെ തന്നെ ചിത്രത്തിലെ നായകന്മാരുടെ രക്ഷനെന്ന് അല്‍ഫോണ്‍സിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കാം.

എം.ഡി.എം.എ ഉപയോഗിച്ച് സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കി അതിനുള്ള പ്രതിവിധി നല്‍കുകയും ചെയ്യുന്ന ആളാണ് സേവിയര്‍. പ്രശ്‌നം കുട്ടികളുടേതല്ല, സ്‌കൂളിന്റെയും രക്ഷിതാക്കളുടെയുമാണെന്ന് അറിഞ്ഞശേഷം സേവിയര്‍ നടത്തുന്ന പെര്‍ഫോമന്‍സ് തിയേറ്ററില്‍ കൈയടി നേടുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ Photo: Screen grab/ Think Music India

കുട്ടികള്‍ക്ക് കളിക്കാനുള്ള ഗ്രൗണ്ടില്‍ അവരെ കളിക്കാന്‍ അനുവദിക്കണമെന്ന് പറയുകയും അധ്യാപകര്‍ വെറുതേ വന്ന് പഠിപ്പിച്ച് പോകേണ്ടവരല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഡയലോഗുകളുണ്ട്. അതിനെക്കാള്‍ കൈയടി നേടിയത് മയക്കുമരുന്നിന്റെ ഉപയോഗം എങ്ങനെയെല്ലാം ജീവിതം നശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികളോട് പറയുന്ന ഭാഗമാണ്.

‘ആദ്യം ഇത് ഉപയോഗിക്കുമ്പോള്‍ ഒരു സുഖം തോന്നും. അതിന്റെ കെട്ട് ഇറങ്ങുമ്പോള്‍ വീണ്ടും വേണമെന്ന് തോന്നും. പിന്നീട് ഇതില്ലാതെ പറ്റില്ലെന്നാകും. ഒടുക്കം അത് കിട്ടാന്‍ വേണ്ടി പൈസ മോഷ്ടിക്കും. വീട്ടില്‍ നിന്ന് കിട്ടാതായാല്‍ നാട്ടിലേക്ക് മോഷ്ടിക്കാനിറങ്ങും. അതിന് വേണ്ടി തല്ലാനും കൊല്ലാനും തയാറാകും. ഇതൊക്കെ ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നെ കിളി പോകും. പിച്ചും പേയും പറയും, സാമാനം വരെ അടിച്ച് പോകും. സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നതാ’ എന്നാണ് സേവിയറിന്റെ ഡയലോഗ്.

അല്‍ഫോണ്‍സ് പുത്രന്‍ Photo: Screen grab/ Think Music India

മയക്കുമരുന്നിന്റെ മോശം വശങ്ങളെക്കുറിച്ച് ഇത്രയും ഡീറ്റെയിലിങ്ങായും അതുപോലെ ശക്തമായതുമായ ഡയലോഗ് അടുത്ത കാലത്തൊന്നും സിനിമയില്‍ വന്നിട്ടില്ല. സിനിമ എന്ന മാധ്യമത്തിന് പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് പലരും പറയാറുണ്ട്. ഇത്തരം സീനുകള്‍ സമൂഹത്തില്‍ നല്ല ഇംപാക്ടുണ്ടാക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

Content Highlight: Alphonse Puthren’s dialogue in Vaazha 2 getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം