കൊച്ചി: മലപ്പുറത്തെ റോഡ് അലെന്‍മെന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. റോഡ് നിര്‍മ്മാണത്തിനായി നിലവില്‍ സ്വീകരിച്ചിരിക്കുന്ന അലൈന്‍മെന്റില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറഞ്ഞത്.

പ്രദേശത്തെ ചിലരുടെ മാത്രം താല്പര്യങ്ങള്‍ക്കായി മലപ്പുറത്തെ റോഡിന്റെ അലൈന്‍മെന്റ് മാറ്റേണ്ട ആവശ്യമില്ല. ഈ പ്രദേശത്തെ ചില വ്യക്തിതാല്പര്യങ്ങള്‍ക്കായി നടത്തുന്ന പ്രതിഷേധങ്ങളെ വകവയ്‌ക്കേണ്ടതുമില്ലെന്നാണ് കണ്ണന്താനം പറഞ്ഞത്.

റോഡിനായി അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കണം എന്ത് പ്രതിഷേധം ഉണ്ടായാലുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ പ്രതിഷേധങ്ങള്‍ വകവയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.


ALSO READ: വേങ്ങരയിലെ പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്; അത് കാണാതെ പോകരുതെന്ന് ഡി.ജി.പി


അതേസമയം കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കടുത്ത് ദേശീയ പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ സര്‍വ്വേക്കിടെ സംഘര്‍ഷം നടന്നിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെയായിരുന്നു സമരം. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്.

കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.