sanju-01ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരെ പരാതിയുമായി ആസ്‌ട്രേലിയന്‍ എ ടീം ക്യാപ്റ്റന്‍ ഉസ്മാന്‍ ഖവാജ രംഗത്ത്. സഞ്ജു  മൂന്ന് തവണ ആസ്‌ട്രേലിയന്‍ താരത്തിന് നേരെ തുപ്പിയെന്നാണ് ആരോപണം. മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖവാജ ആ ആരോപണമുയര്‍ത്തിയിരിക്കുന്നത്.

കളിക്കിടെ ഗ്രൗണ്ടില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. സഞ്ജു ബോള്‍ ക്യാച്ച് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ക്യാച്ചില്‍ സഞ്ജു അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഔട്ടല്ലെന്നായിരുന്നു ഓസീസിന്റെ വാദം. ഇത് ചെറിയ തര്‍ക്കത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

ബാറ്റ് ചെയ്യാനായി ഗ്രീസിലെത്തിയ സഞ്ജു മൂന്ന് തവണ ഓസീസ് താരത്തിന്റെ കാലിനരികിലേക്ക് തുപ്പിയെന്നാണ് ആരോപണം. “അദ്ദേഹം ക്യാച്ചെടുത്തെന്ന് പറഞ്ഞ് ഞങ്ങളുടെ ടീം അംഗങ്ങളെ നിരാശരാക്കി. ഇന്ന് അദ്ദേഹം ഞങ്ങളുടെ കളിക്കാരുടെ കാലിന് നേര്‍ക്ക് മൂന്ന് തവണ തുപ്പി.” ഖവാജ പറഞ്ഞു.

“ഞങ്ങളുടെ കളിക്കാര്‍ സഞ്ജുവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം അതേ രീതിയില്‍ തിരിച്ചു സംസാരിച്ചിരുന്നെങ്കില്‍ എനിക്ക് സന്തോഷമാകുമായിരുന്നു, എന്നാല്‍ അദ്ദേഹം തുപ്പിയത് ശരിയായ രീതിയല്ല. സഞ്ജുവിനോട് ഞങ്ങളുടെ ഒരു കളിക്കാരന്‍ എന്തോ പറഞ്ഞപ്പോള്‍ സഞ്ജു അദ്ദേഹത്തിന് നേരെ തുപ്പുകയാണ് ചെയ്തത്.” ഖവാജ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായതായി അറിയില്ലെന്നാണ് സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്ന ഗുര്‍കീരത് സിംഗ് മന്‍ പറഞ്ഞത്. ആസ്‌ട്രേലിയയുമായി നടന്ന മത്സരത്തില്‍ ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. മികച്ച കളി പുറത്തെടുക്കുന്ന ടീം ജയിക്കുമെന്നും സംഭവം വലിയൊരു പ്രശ്‌നമാക്കുന്നില്ലെന്നും ഖവാജ പറഞ്ഞു. ഇന്ത്യ ഇന്ന് മികച്ച രീതിയില്‍ കളിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.