ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ ഒളിച്ച് നിന്ന് എടുക്കാന്‍ ശ്രമിച്ച പാപ്പരാസികള്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി മുംബൈ പൊലീസ്. നടിയോട് പരാതി നല്‍കാനായി പൊലീസ് ഇതിനോടകം തന്നെ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആലിയയുടെ പി.ആര്‍ ടീം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സ്ഥാപനവുമായി ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നല്‍കാമെന്നും നടി മറുപടി നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തൊട്ടടുത്ത ഫ്‌ലാറ്റിന്റെ ടെറസില്‍ ഒളിച്ചിരുന്നാണ് ചിലര്‍ ആലിയ ഭട്ടിന്റെ വീടിനകത്തുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി താരം ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്.

‘വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്,’ ആലിയ കുറിച്ചു.

നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആലിയ ഭട്ടിന്റെ അമ്മയും സഹോദരിയും അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവരും ആലിയക്ക് പിന്തുണയുമായെത്തിയിരുന്നു.

content highlight: alia bhat instagram post