എം. ഷാജറിനെതിരായ ഏഷ്യാനെറ്റ് വാര്‍ത്ത വ്യാജം; നിയമ നടപടിയുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ
KERALA NE
എം. ഷാജറിനെതിരായ ഏഷ്യാനെറ്റ് വാര്‍ത്ത വ്യാജം; നിയമ നടപടിയുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd February 2023, 3:39 pm

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജറിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ. ഇതില്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എം. ഷാജറിന് ക്വട്ടേഷന്‍- സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാന്‍ വലത് പക്ഷ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സമൂഹത്തില്‍ വലതുപക്ഷ വല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്ന തെറ്റായ പ്രവണതയാണിതെന്നും ഡി.വൈ.എഫ്.ഐ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

‘ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജറിനെ പ്രതികൂട്ടില്‍ നിര്‍ത്തും വിധം വ്യാജ വാര്‍ത്ത നിര്‍മ്മിച്ച ഏഷ്യാനെറ്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന ലഹരി- ക്വട്ടേഷന്‍- സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഡി.വൈ.എഫ്.ഐ സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍  നിരവധി ശക്തമായ ക്യാമ്പയിനുകള്‍ ഇക്കാലമത്രയും സംഘടന ഏറ്റെടുത്തിട്ടുമുണ്ട്.


ഈ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ക്വട്ടേഷന്‍- സ്വര്‍ണക്കടത്ത്  സംഘവുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാന്‍ വലത് പക്ഷ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുകയാണ്.
ഇത്തരം വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയണം. സമൂഹത്തില്‍ വലത് പക്ഷ വല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരായ സമരം ആശയ തലത്തിലും പ്രായോഗിക തലത്തിലും എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ച് ഇനിയും മുന്നോട്ട് കൊണ്ട് പോവും. വ്യാജ വാര്‍ത്തകള്‍ നല്‍കി ഇത്തരം പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ചില മാധ്യമങ്ങളുടെ നീക്കം തിരിച്ചറിയണമെന്നും,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ലാഭവിഹിതമായി സ്വര്‍ണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്നീ പരാതികളില്‍ എം. ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തും എന്ന റിപ്പോര്‍ട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നത്.