വളരെ കുറച്ച് അവസരങ്ങള്‍ ലഭിച്ചിട്ടും അവന്‍ മികച്ച പ്രകടനം നടത്തി: ആകാശ് ചോപ്ര
Cricket
വളരെ കുറച്ച് അവസരങ്ങള്‍ ലഭിച്ചിട്ടും അവന്‍ മികച്ച പ്രകടനം നടത്തി: ആകാശ് ചോപ്ര
Sudev A
Monday, 4th May 2026, 6:29 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഏറെ ശ്രദ്ധേയമായത് പഞ്ചാബ് താരം സൂര്യാന്‍ഷ് ഷെഡ്‌ജെയുടെ പ്രകടനമായിരുനു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയിരുന്നത്. ഇപ്പോള്‍ താരത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഐ.പി.എല്ലില്‍ ഷെഡ്ജെക്ക് കുറച്ച് മത്സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂവെന്നും അത് കൃത്യമായി താരം ഉപയോഗപ്പെടുത്തിയെന്നുമാണ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘അവന്‍ ഒരു മുംബൈ പയ്യനാണ് ഐ.പി.എല്ലില്‍ വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമേ അവന് അവസരങ്ങള്‍ ലഭിച്ചിട്ടുള്ളൂ. അവന്‍ മികച്ച പ്രകടനം നടത്തി. ശശാങ്കിനെ മത്സരത്തില്‍ നഷ്ടമായെന്ന് അവന് തോന്നിച്ചില്ല. ഈ വര്‍ഷം മാര്‍കസ് സ്റ്റോയ്നിസിന്റെ . ബാറ്റിങ് പ്രകടനം മികച്ചതാണ്. ഇത് വീണ്ടും ഒരു സന്തോഷവാര്‍ത്തയാണ്’, ആകാശ് ചോപ്ര പറഞ്ഞു.

മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പഞ്ചാബ് ബാറ്റിങ് നിര സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയപ്പോള്‍ സൂര്യന്‍ഷ് ഷെഡ്ജയുടെയും മാര്‍ക്കസ് സ്റ്റോയ്ണിസിന്റെയും കൂട്ടുകെട്ടാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഷെഡ്‌ജെ 29 പന്തില്‍ 57 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സ്റ്റോയ്ണിസ് 31 പന്തില്‍ 40 റണ്‍സും നേടി തിളങ്ങി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു മാര്‍ക്കോ യാന്‍സണും നിര്‍ണായകമായി. 11 പന്തില്‍ 20 റണ്‍സാണ് മാര്‍ക്കോ നേടിയത്.

ഗുജറാത്ത് നിരയില്‍ തിളങ്ങിയത് സായ് സുദര്‍ശനാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം വിജയത്തില്‍ നിര്‍ണായകമായത്. 47 പന്തില്‍ നിന്നും അഞ്ച് ഫോറുകളും ഒരു സിക്‌സും അടക്കം 57 റണ്‍സാണ് താരം നേടിയത്. വാഷിങ്ങ്ടണ്‍ സുന്ദര്‍ 40 റണ്‍സും ജോസ് ബട്ലര്‍ 26 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.

ഗുജറാത്ത് ബൗളിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ പഞ്ചാബ് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ കൈപ്പിടിയിലാക്കിയത്. മുഹമ്മദ് സിറാജ്, കാഗിസോ റബാദ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Akash Chopra Talks About Suryansh Shedge Performance in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.