2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനൽ മത്സരത്തിലെ ശിവം ദുബെയുടെ പ്രകടനത്തിന് വേണ്ട രീതിയിലുള്ള അംഗീകാരം ലഭിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വലിയ ഫൈനലുകളിൽ അദ്ദേഹത്തിൻ്റെ നിർണായക സംഭാവനകളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം ദുബെയെ കുറച്ചുകൂടി പ്രശംസിക്കണമെന്ന് അഭിപ്രായപ്പെട്ടു. ക്രിക്ക് ഇൻഫോയിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ താരം.
‘അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ഞാൻ കരുതുന്നത്. സിക്സറുകൾ അടിച്ചുകൂട്ടാനുള്ള അസാധാരണമായ കഴിവും മികവും അദ്ദേഹത്തിനുണ്ട്. വളരെ നിസ്സാരമായിട്ടാണ് അദ്ദേഹം സ്പിന്നർമാരെ നേരിടുന്നത്. ടീമിന് തങ്ങളുടെ ബാറ്റിങ് റിസോഴ്സുകൾ ശരിയായ രീതിയിൽ ആസൂത്രണം ചെയ്യാനും ദുബെ നല്ലരീതിയിൽ സഹായിക്കുന്നുണ്ട്.

ശിവം ദുബെ
സ്പിന്നർമാർ ആധിപത്യം പുലർത്താൻ സാധ്യതയുള്ള സമയങ്ങളിൽ നിങ്ങൾ അദ്ദേഹത്തെ ക്രീസിലേക്ക് ഇറക്കണം. അവൻ അവരെയെല്ലാം തകർത്തെറിയുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കും. വലിയ മത്സരങ്ങളിലും ലോകകപ്പ് ഫൈനലുകളിൽ പോലും ഇതുപോലുള്ള പ്രകടനം പുറത്തെടുക്കാൻ വലിയ ആത്മവിശ്വാസം ആവശ്യമാണ്. അത് ദുബെയ്ക്കുണ്ട്. അതിനാൽ അദ്ദേഹത്തെ കുറച്ചുകൂടി പ്രശംസിക്കണം,’ ചോപ്ര പറഞ്ഞു.
ഒക്ടോബർ 3 ശനിയാഴ്‌ച നിഷിനിലെ കൊറോഗി സ്പോർട്‌സ് പാർക്കിൽ നടന്ന 2026 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തിയപ്പോൾ, ദുബെ വെറും 15 പന്തിൽ നിന്ന് രണ്ട് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പടെ 27 റൺസ് നേടി.
ദുബെ കൂടാതെ അഭിഷേക് ശർമയുടെയും തിലക് വർമയുടെയും അർധ സെഞ്ചുറി നേട്ടത്തിലാണ് ഇന്ത്യ 211 എന്ന സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളർമാരുടെ സമ്മർദത്തിനുമുന്നിൽ മുട്ടുകുത്തുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് മാത്രമാണ് പാകിസ്ഥാന് നേടാൻ സാധിച്ചത്. 51 പന്തിൽ 96 റൺസോടെ അർധ സെഞ്ചുറി നേടിയ ഹസൻ നവാസാണ് പാകിസ്ഥാന്റെ മികച്ച സ്‌കോറർ.
2024 ലെ ടി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 16 പന്തിൽ നിന്ന് 27 റൺസും ദുബെ ടീമിനായി നേടിക്കൊടുത്തു. 2026 ലെ ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ എട്ട് പന്തിൽ നിന്ന് 26 റൺസും ദുബെ നേടി. 2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായി 22 പന്തിൽ നിന്ന് 33 റൺസും അദ്ദേഹം സംഭാവന ചെയ്തു.
Content Highlights: Akash Chopra talks about Shivam Dube Performance in Asian Games
