പഞ്ചാബ് അവനെ ഒഴിവാക്കണം, പകരം ഇവരെ കളിപ്പിക്കൂ: ആകാശ് ചോപ്ര
Cricket
പഞ്ചാബ് അവനെ ഒഴിവാക്കണം, പകരം ഇവരെ കളിപ്പിക്കൂ: ആകാശ് ചോപ്ര
ഫസീഹ പി.സി.
Wednesday, 6th May 2026, 5:46 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദ് തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ഇന്ന് (മെയ് ആറ്) നടക്കുന്ന മത്സരത്തിന് എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്റ്റേഡിയമാണ് വേദി.

മത്സരത്തിന് മുന്നോടിയായി പഞ്ചാബ് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. യുവതാരം നേഹല്‍ വധേര യെ ഒഴിവാക്കി ശശാങ്ക് സിങ്ങിനെയും സുര്യന്‍ഷ് ഷെഡ്‌ജെയും കളിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

പഞ്ചാബും ഹൈദരാബാദും സിക്‌സ് ഹിറ്റര്‍മാരാണെന്നും ഇരുടീമിന്റെയും ടോപ് ഓര്‍ഡര്‍ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘പഞ്ചാബും  ഹൈദരാബാദും സിക്‌സ് ഹിറ്റിങ് ടീമുകളാണ്. അവരാണ് ഏറ്റവും മികച്ച ബാറ്റിങ് യൂണിറ്റ്. പഞ്ചാബിന്റെ സ്‌കോറിങ് റേറ്റ് 11.18 ഉം ഹൈദരാബാദിന്റേത് 10.63മാണ്. ഇരുടീമുകളുടെ ടോപ് ഫോറും അവിശ്വസനീയമാം വിധം മികച്ചതാണ്. ഹൈദരാബാദ് കുറച്ചധികം റണ്‍സ് നേടിയിട്ടുണ്ടെകിലും പഞ്ചാബും വളരെ മികച്ചതാണ്.

അതിനാല്‍ തന്നെ നേഹല്‍ (വധേര) നന്നായി കളിക്കുന്നില്ലെങ്കില്‍ ഒഴിവാക്കണം. പകരം ശശാങ്ക് സിങ്ങിനെയും സുര്യന്‍ഷ് ഷെഡ്ജെയും ടീമില്‍ ഉള്‍പ്പെടുത്തിക്കൂടേ? നേഹല്‍ ഒരുപാട് റണ്‍സൊന്നും നേടിയിട്ടില്ല. എന്നാല്‍, മറുവശത്ത് സുര്യന്‍ഷ് അവസാന മത്സരത്തില്‍ മികച്ച പ്രകടനം നടത്തി. അതുപോലെ ശശാങ്കിനെ എന്നും പുറത്തിരുത്താന്‍ സാധിക്കില്ല. അവനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ?,’ ചോപ്ര പറഞ്ഞു.

നേഹല്‍ വധേര.

നേഹല്‍ വധേരയ്ക്ക് ഇതുവരെ ഈ സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. എട്ട് മത്സരങ്ങളില്‍ കളിച്ച താരം വെറും 65 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. 25 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10.83 ആവറേജും 114.03 സ്‌ട്രൈക്ക് റേറ്റുമാണ് ഈ സീസണില്‍ താരത്തിനുള്ളത്.

Content Highlight: Akash Chopra says Punjab Kings should drop Nehal Wadhera

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി