ഫഹദിനും മുമ്പ് അജു ഈ സീന്‍ വിട്ടതാ... അധികമാരും ശ്രദ്ധിക്കാത്ത 'ഹോളിവുഡ്' ടെക്‌നോളജി കുത്തിപ്പൊക്കി ട്രോളന്മാര്‍
Malayalam Cinema
ഫഹദിനും മുമ്പ് അജു ഈ സീന്‍ വിട്ടതാ... അധികമാരും ശ്രദ്ധിക്കാത്ത 'ഹോളിവുഡ്' ടെക്‌നോളജി കുത്തിപ്പൊക്കി ട്രോളന്മാര്‍
അമര്‍നാഥ് എം.
Thursday, 11th June 2026, 7:25 am

വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമകളില്‍ പ്രധാന താരങ്ങളുടെ ഗെറ്റപ്പില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ സി.ജി.ഐ ഉപയോഗിച്ച് അത് മറികടക്കുന്നത് ഹോളിവുഡില്‍ സ്ഥിരം കാഴ്ചയാണ്. അത്തരം കാര്യങ്ങള്‍ മോളിവുഡിനും സാധിക്കുമെന്ന് ഈയടുത്ത കാലത്ത് തെളിയിച്ചു. അത്തരം പരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പേട്രിയറ്റ്.

തിയേറ്ററില്‍ പരാജയമായ ചിത്രം അടുത്തിടെ ഒ.ടി.ടിയിലെത്തിയിരുന്നു. ലോജിക്കില്ലാത്ത പല രംഗങ്ങളെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ട്രോളന്മാര്‍ കീറിമുറിച്ചു. അത്തരത്തിലൊന്നായിരുന്നു ഫഹദിന്റെ ഡീ ഏജ് ചെയ്ത ലുക്ക്. താരം അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന്റെ ചെറുപ്പ കാലം കാണിക്കാന്‍ വേണ്ടി ഗ്രാഫിക്‌സ് ഉപയോഗിച്ച് മീശ മായ്ച്ചുകളഞ്ഞത് ട്രോള്‍ മെറ്റീരിയലായി മാറി.

ഡി.സിയുടെ ജസ്റ്റിസ് ലീഗില്‍ ഹെന്റി കാവിലിനെ ഇത്തരത്തില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് ക്ലീന്‍ ഷേവാക്കിയതുമായാണ് പലരും ഫഹദിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഈ ടെക്‌നോളജി ഫഹദിനും മുമ്പ് മലയാളത്തില്‍ അവതരിപ്പിച്ചത് അജു വര്‍ഗീസാണെന്നാണ് പുതിയ കണ്ടെത്തല്‍. 2025ല്‍ പുറത്തിങ്ങിയ ഐഡന്റിറ്റിയില്‍ അജു വര്‍ഗീസിന്റെ കഥാപാത്രത്തെ ഇത്തരത്തില്‍ അവതരിപ്പിച്ചിരുന്നു.

അജു വര്‍ഗീസ് അവതരിപ്പിച്ച ഡി.വൈ.എസ്.പി ദിനേശ് ചന്ദ്രന്‍ എന്ന കഥാപാത്രത്തെ സിനിമയുടെ തുടക്കത്തില്‍ ക്ലീന്‍ ഷേവ് ചെയ്ത ഗെറ്റപ്പിലാണ് കാണിക്കുന്നത്. എന്നാല്‍ പിന്നീടുള്ള ചില സീനുകളില്‍ ഈ കഥാപാത്രത്തെ കാണിക്കുമ്പോള്‍ മീശയുടെ ഭാഗത്ത് ചില അപാകതകള്‍ കാണാനാകും. ഗ്രാഫിക്‌സ് ഉപയോഗിച്ച് മീശ മായ്ച്ചുകളഞ്ഞതാണെന്ന് വ്യക്തമായി മനസിലാകും.

 

നീണ്ടുപോയ ഷെഡ്യൂളുകള്‍ കാരണമാണ് അജുവിന്റെ കഥാപാത്രത്തെ ഇങ്ങനെ അവതരിപ്പിക്കേണ്ടി വന്നത്. സിനിമയുടെ റിലീസിന് ശേഷം ഏറ്റവും വിമര്‍ശനം നേരിട്ടത് ഈയൊരു ഭാഗമായിരുന്നു. പേട്രിയറ്റിന്റെ ഒ.ടി.ടി റിലീസിന് ശേഷം ഐഡന്റിറ്റി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഈ രണ്ട് സിനിമകളിലെയും മീശ മായ്ച്ച ഗ്രാഫിക്‌സ് ജസ്റ്റിസ് ലീഗിന്റെ ഏഴയലത്ത് എത്തിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ജസ്റ്റിസ് ലീഗിന്റെ ഷൂട്ടിന് ശേഷം മിഷന്‍ ഇംപോസിബിളിന്റെ ഷൂട്ടിനായി പോയ ഹെന്റിയെ റീഷൂട്ടിന് വേണ്ടി ഡി.സി തിരിച്ചുവിളിച്ചിരുന്നു. മിഷന്‍ ഇംപോസിബിളിന് വേണ്ടി താടിയും മീശയും വളര്‍ത്തിയ ഹെന്റിയെ ഗ്രാഫിക്‌സ് ഉപയോഗിച്ച് അവതരിപ്പിച്ചത് വലിയ രീതിയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഈ ‘ഹോളിവുഡ് ടെക്‌നോളജി’ മലയാളത്തിലും വന്നത് ട്രോളന്മാര്‍ക്ക് ചാകരയായി മാറി.

Content Highlight: Aju Varghese character in Identity viral after Patriot OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം