ആടും ഭരതനാട്യവും പോലെ ആ സിനിമയ്ക്കും രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ട്: അജു വർഗീസ്
Malayalam Cinema
ആടും ഭരതനാട്യവും പോലെ ആ സിനിമയ്ക്കും രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ട്: അജു വർഗീസ്
അമര്‍നാഥ് എം.
Wednesday, 29th July 2026, 9:10 pm

മലയാള സിനിമയിൽ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് അജു വർഗീസും നീരജ് മാധവും. ഒരു വടക്കൻ സെൽഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി തുടങ്ങി ഇരുവരും ഒന്നിച്ചെത്തിയ നിരവധി ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു. എന്നാൽ നീരജ് മാധവിന്റെ തിരക്കഥയിൽ ഗിരീഷ് മനോ സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ലവകുശ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറവും സിനിമയിലെ ഹാസ്യരംഗങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും ലവകുശയുടെ രണ്ടാം ഭാഗം സംഭവിക്കണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ചും മനസുതുറക്കുകയാണ് അജു വർഗീസ്. തന്റെ പുതിയ ചിത്രമായ പ്ലൂട്ടോയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരതിന്റെ പ്രതികരണം.

ലവകുശയിലെ പല ഹ്യൂമർ രംഗങ്ങളും അന്ന് അത് വേണോ എന്ന് ഞാൻ നീരജിനോട് ചോദിക്കാറുണ്ടായിരുന്നു. നീരജിനോടുള്ള വിശ്വാസം കൊണ്ടും ബന്ധം വെച്ചുമാണ് ഞാൻ അത് ചെയ്തത്. കുഞ്ഞിരാമായണത്തിന്റെ സെറ്റിൽ വെച്ചാണ് ഇതിന്റെ കഥ എന്നോട് പറയുന്നത്. ജമ്‌നപ്യാരിയിൽ ഞാനും നീരജും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.  പ്രൊഡ്യൂസറായ ജെയ്സൺ സാറിനോട് നീരജിന്റെ അടുത്ത് ഒരു കഥയുണ്ടെന്നും അത് കേട്ടുനോക്കണമെന്നും പറഞ്ഞത് ഞാനായിരുന്നു.

അങ്ങനെയാണ് ആ സിനിമ പെട്ടെന്ന് ഓൺ ആയത്. ലവകുശയിലെ ഹ്യൂമർ രംഗങ്ങൾ ഇപ്പോഴും പലരും അയച്ചുതരാറുണ്ട്. അതിന്റെ റീച്ച് കാണുമ്പോൾ ഞാൻ നീരജിനെ വിളിച്ച് ‘നീ കാലത്തിന് മുന്നേ സഞ്ചരിച്ച ആളാണ്’ എന്ന് പറയാറുണ്ട്. ഇന്ന് ആ സിനിമയിലെ ചെറിയ ക്ലിപ്പുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

അപ്പോൾ ഞാൻ നീരജിനോട് പറയാറുണ്ട്, അന്ന് ആ സിനിമ കണക്ട് ആവുന്ന ഒരു ജനറേഷൻ ആയിരുന്നില്ല, പക്ഷേ ഇന്നത്തെ പ്രേക്ഷകർ അതിലെ തമാശകൾ നന്നായി സ്വീകരിക്കുന്നുണ്ടെന്ന്. അപ്പോഴൊക്കെ ‘നിന്റെ കാൽക്കുലേഷൻ ശരിയായിരുന്നു, ലവകുശയുടെ രണ്ടാം ഭാഗം എഴുതിക്കൂടെ’ എന്നും ഞാൻ ചോദിക്കാറുണ്ടെന്നും അജു വർഗീസ് പറഞ്ഞു.

ആട്, ഭരതനാട്യം തുടങ്ങിയ സിനിമകളുടെ ആദ്യഭാഗങ്ങൾ വലിയ വിജയമായിരുന്നില്ല. എന്നാൽ അതിന്റെ രണ്ടാം ഭാഗങ്ങൾ ഒരുക്കിയപ്പോൾ മികച്ച സ്വീകാര്യത ലഭിച്ചു. അതുപോലെ ലവകുശയ്ക്കും ഒരു രണ്ടാം ഭാഗം വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അജു വർഗീസ് പറഞ്ഞു. അത്തരമൊരു ആഗ്രഹവും വാശിയും സിനിമയ്ക്ക് ഉണ്ടായിരിക്കണമെന്നും, അത് സ്വാഭാവികമായി സംഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും ചന്ദ്രികേയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്ലൂട്ടോ. നീരജ് മാധവ്, അൽത്താഫ് സലിം, ആർഷ ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ–കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ജൂലൈ 30-ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Aju Varghese about he acceptance of Lavakusha movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം