യുഗാന്ത്യം! ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി ഇന്ത്യന്‍ ഇതിഹാസം
Cricket
യുഗാന്ത്യം! ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി ഇന്ത്യന്‍ ഇതിഹാസം
സുദേവ് എ
Thursday, 30th July 2026, 10:57 am

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രഹാനെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് വിരാമമിട്ടിരിക്കുന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്നും 2962 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ നേടിയിട്ടുണ്ട്.

രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്നും 144 ഇന്നിങ്‌സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് അക്കൗണ്ടില്‍ ഉള്ളത്.

ടി-20യില്‍ 20 മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയ താരം 375 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയാണ് രഹാനെ ഇന്ത്യക്ക് വേണ്ടി കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും രഹാനെ ഐ.പി.എല്ലില്‍ കളിക്കുന്നത് തുടരും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് രഹാനെ.

 

Content Highlight: Ajinkya Rahane announces retirement from international cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.