ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ചര്‍ച്ചയായ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി അടക്കം ഒട്ടനവധി ഭാഷകളിലേക്കായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗവും മൂന്നാം ഭാഗവും സംവിധായകന്‍ ഒരുക്കിയിരുന്നു.

Photo: X.com

ഈ വര്‍ഷം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം വലിയ കളക്ഷനായിരുന്നു ആഗോളതലത്തില്‍ സ്വന്തമാക്കിയത്. മലയാളത്തിന് പുറത്ത് വലിയ സ്വീകാര്യത ലഭിച്ചത് ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിനായിരുന്നു. അജയ് ദേവ്ഗണും ശ്രേയയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഒറിജിനല്‍ ദൃശ്യമെന്ന് പല ഹിന്ദി സിനിമാ പ്രേമികളും അവകാശമുന്നയിക്കുന്ന വിധത്തില്‍ വലിയ സ്വീകാര്യതയായിരുന്നു ബോളിവുഡില്‍ ലഭിച്ചത്. രണ്ടാം ഭാഗത്തിന് പിന്നാലെ ഒക്‌ടോബര്‍ രണ്ടിന് ഹിന്ദി ദൃശ്യത്തിന്റെ മൂന്നാം ഭാഗവും തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുകയാണ്.

മലയാളം ദൃശ്യം 3യുടെ കോപ്പിറൈറ്റ് അവകാശങ്ങളെല്ലാം പാനോരമ സ്റ്റുഡിയോസ് ഭീമമായ തുകയ്ക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ന് പുറത്തുവന്ന ദൃശ്യം 3യുടെ ട്രെയ്‌ലറാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാനചര്‍ച്ചാവിഷയങ്ങളിലൊന്ന്. ആദ്യഭാഗങ്ങളിലെ പോലെ തന്നെ മലയാളം വേര്‍ഷന്റെ കോപ്പിയായിരിക്കും എന്ന് പലരും കരുതിയിരുന്നെങ്കിലും ഒട്ടേറെ മാറ്റങ്ങളോടെയാണ് ചിത്രം പുറത്തിറങ്ങുന്നത് എന്ന സൂചനയായിരുന്നു ടീസര്‍ നല്‍കിയത്. പുതിയ കഥാപാത്രങ്ങളെയും സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ദൃശ്യം 3. Photo: District

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കവെ മലയാളത്തില്‍ നിന്നും പൂര്‍ണമായി വ്യത്യസ്തമായ കഥയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് പറയുകയാണ് അജയ് ദേവ്ഗണ്‍. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പലരും പറയുന്നതായി തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും എന്നാല്‍ മലയാളത്തില്‍ നിന്നും ഹിന്ദി വേര്‍ഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നും അജയ് പറഞ്ഞു. ലാല്‍ സാറും മറ്റ് അണിയറപ്രവര്‍ത്തകരും ചിത്രം കണ്ട് അവരുടെ അംഗീകാരം കിട്ടുകയാണെങ്കില്‍ തനിക്ക് ഒരുപാട് സന്തോഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ajay Devgun talks about his upcoming movie Drushyam 3