സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയമാണ് രശ്മിക മന്ദാന. പാന്‍ ഇന്ത്യന്‍ താരമായ രശ്മിക കഴിഞ്ഞദിവസം കോഫി വിത് കരണ്‍ ഷോയ്ക്കിടെ മോഹന്‍ലാലിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കംപ്ലീറ്റ് ആക്ടര്‍ ആരാണെന്ന ചോദ്യത്തിന് ‘അങ്ങനെ ആര്‍ക്കെങ്കിലും ടാഗ്ലൈനുണ്ടോ’ എന്നായിരുന്നു താരം പറഞ്ഞത്.
ഇതിന് പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ രശ്മികക്കെതിരെയും വിജയ് ദേവരകൊണ്ടക്കെതിരെയും രംഗത്തെത്തി. ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ കമന്റ് ബോക്സ് ഒരുകൂട്ടം ആരാധകര്‍ മോഹന്‍ലാലിന്റെ ഫോട്ടോയുള്ള കമന്റുകള്‍ കൊണ്ട് ബോക്സ് നിറച്ചു. ‘മോഹന്‍ലാല്‍ ഫാന്‍സിന്റെ പവര്‍’ കാണിക്കുന്ന ഫാന്‍സിന്റെ ഇത്തരം നീക്കമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

കോഫി വിത്ത് കരൺ, രശ്മിക. Photo. Screen Grab/ Youtube
കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് ‘മോഹന്‍ലാല്‍ ഫാന്‍സ് പവര്‍’ സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. തമിഴ് സംവിധായകന് നെല്‍സണായിരുന്നു ആരാധകരുടെ ആദ്യത്തെ ഇര. ജയിലര്‍ 2 റിലീസിന് പിന്നാലെ മോഹന്‍ലാലിന് പ്രാധാന്യമില്ലാത്തത് ഒരുകൂട്ടമാളുകളെ ചൊടിപ്പിച്ചിരുന്നു. ആദ്യഭാഗത്തില്‍ ഒരുപാട് കൈയടി നേടിയ കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ ആകെ രണ്ട് മിനിറ്റ് മാത്രമായിരുന്നു സ്ക്രീന്‍ടൈം.
ഇഷ്ടനടന് പ്രതീക്ഷിച്ച സ്ക്രീന്‍ടൈം ഇല്ലെന്ന് അറിഞ്ഞതോടെ പലരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ നീരസം പങ്കുവെച്ചു. സംവിധായകന് നെല്‍സണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ലാല്‍ ഫാന്‍സ് കമന്റ് ബോക്സ് കൈയടക്കി. മോഹന്‍ലാലിന്റെ ഡയലോഗുകളും ഫോട്ടോകളുമായാണ് കമന്റ് ബോക്സ് കൈയടക്കിയത്.

ആരാധകരുടെ ഇത്തരം പ്രവൃത്തിയെ എതിര്‍ത്തും ന്യായീകരിച്ചും ഒരുകൂട്ടമാളുകള്‍ രംഗത്തെത്തി. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാലിന് അര്‍ഹിച്ച ബഹുമാനം നല്‍കാത്തവര്‍ക്ക് ആരാധകര്‍ നല്കുന്ന മറുപടിയാണ് ഇത്തരം സൈബര്‍ അറ്റാക്കിലൂടെ നല്‍കുന്നതെന്ന് ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ നല്ലതല്ലെന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മറിയ ഷറപ്പോവക്ക് ഇത്തരത്തില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിലെ ഏറ്റവും ഒടുവിലത്തെ ഇരയായി രശ്മികയും വിജയ് ദേവരകൊണ്ടയും മാറിയെന്നും ഇത്തരം വെട്ടുകിളി ആക്രമണങ്ങള്‍ വലിയ സംഭവമായി കരുതരുതെന്നും കമന്റുകളുണ്ട്.
Content Highlight: Mohanlal fans cyber attack against Rashmika Mandanna and Nelson discussing in social media
