കമല്‍ ഹാസന്റെ അഭിനയം ഒരിക്കലും മാജിക്കല്ലെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അദ്ദേഹം വളരെ ഫോക്കസ്ഡാണെന്നും സ്‌ക്രിപ്റ്റ് നന്നായി അറിയുന്ന ആളാണെന്നും ഐശ്വര്യ പറഞ്ഞു. സ്വന്തം ആക്ടിങ്ങില്‍ മാത്രമല്ല എല്ലാ കാര്യങ്ങളിലും കമല്‍ ഹാസന്‍ ശ്രദ്ധിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസന്റെ തഗ് ലൈഫ് സിനിമയുടെ സമയത്ത് നടന്റെ ഡിസ്‌ക്കഷന്‍സ് താന്‍ ശ്രദ്ധിച്ചിരുന്നെന്നും ആര്‍ട്ട് പ്രോപ്പര്‍ട്ടിയെ പറ്റി വരെ അദ്ദേഹം ഡിസ്‌ക്കസ് ചെയ്യുമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘കമല്‍ സാര്‍ എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന്റെ അഭിനയം ഒരിക്കലും മാജിക്കല്ല. അദ്ദേഹം വളരെ ഫോക്കസ്ഡാണ്. സാറിന് സ്‌ക്രിപ്റ്റ് നന്നായിട്ട് അറിയാം. അതേസമയം എല്ലാ കാര്യങ്ങളിലും അദ്ദേഹം ഫോക്കസ്ഡാണ്.

സ്വന്തം ആക്ടിങ്ങില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കും. സാറിന്റെ ഡിസ്‌ക്കഷന്‍സ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആര്‍ട്ട് പ്രോപ്പര്‍ട്ടിയെ പറ്റി വരെ അദ്ദേഹം ഡിസ്‌ക്കസ് ചെയ്യാറുണ്ട്. അദ്ദേഹം കമല്‍ ഹാസനാണ്. അദ്ദേഹത്തിന് അതൊന്നും നോക്കേണ്ട ആവശ്യമില്ല.

സെറ്റില്‍ അദ്ദേഹം എങ്ങനെയാണെന്ന് ചോദിച്ചാല്‍, മണിരത്‌നം സാറിനോട് മാത്രമാണ് കമല്‍ സാര്‍ കൂടുതല്‍ സംസാരിക്കാറുള്ളത്. എന്നോട് ഷോട്ടിന് മുമ്പ് കുറച്ച് സംസാരിച്ചിരുന്നു. അതല്ലാതെ അദ്ദേഹം വളരെ സൈലന്റായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

തഗ് ലൈഫ് – Thug Life:

സിനിമാലോകം ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് തഗ് ലൈഫ്. 37 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്മെന്റ് മുതല്‍ക്കു തന്നെ വന്‍ ഹൈപ്പാണ് തഗ് ലൈഫിന് ലഭിച്ചത്.

10 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന ഗ്യാങ്സ്റ്ററായാണ് കമല്‍ തഗ് ലൈഫില്‍ പ്രത്യക്ഷപ്പെടുന്നത്. പൊന്നിയിന്‍ സെല്‍വന് ശേഷം മണിരത്നം അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ മലയാളികളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അഭിരാമി എന്നിവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Aishwarya Lekshmi Talks About Kamal Haasan