air-india-dreamliner[] ന്യൂദല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. നിലവില്‍ ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകളാണ് ഈ റൂട്ടുകളില്‍ ഉള്ളത്. ഇത് നാലുവീതമാക്കിയാണ് ഉയര്‍ത്തുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒമാന്‍ കണ്‍ട്രി മാനേജര്‍ അമരീഷ് ചൗധരി അറിയിച്ചു.

ഒക്ടോബര്‍ 26 മുതലാണ് പുതിയ സര്‍വീസുകള്‍ അടങ്ങുന്ന ശീതകാല ടൈംടേബിള്‍ പ്രാബല്യത്തില്‍ വരുക. നിലവില്‍ കോഴിക്കോടിന് ദിവസവും ഓരോന്ന് വീതം 16 സര്‍വീസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തില്‍ നിന്ന് നടത്തുന്നത്. ഇത് 19 ആയാണ് ഉയരുക. പുതുക്കിയ ടൈംടേബിളില്‍ ചില സര്‍വീസുകളുടെ ദിവസങ്ങളിലും മാറ്റമുണ്ട്.

സലാലയില്‍ നിന്നുള്ള സര്‍വീസുകളില്‍ വര്‍ധനയില്ല. കൊച്ചി, തിരുവനന്തപുരം,കോഴിക്കോട് എയര്‍പോര്‍ട്ടുകളിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് സലാലയില്‍ നിന്നുള്ളത്. യാത്രക്കാരുടെ വര്‍ധിച്ച എണ്ണം പരിഗണിച്ചാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
പുതുക്കിയ ടൈംടേബ്ള്‍ അനുസരിച്ച് ബുധന്‍, വ്യാഴം, വെള്ളി,ശനി ദിവസങ്ങളിലാണ് കൊച്ചി സര്‍വീസ്. ഇന്ത്യന്‍ സമയം രാവിലെ 7.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്‌സ് 443 വിമാനം ഒമാന്‍ സമയം 10.10നാണ് മസ്‌കത്തിലത്തെുക. തിരിച്ച് 11.15ന് പുറപ്പെടുന്ന ഐ.എക്‌സ് 442 വിമാനം 4.20ന് കൊച്ചിയിലത്തെും.

തിരുവനന്തപുരത്ത് നിന്ന് ബുധന്‍, വെള്ളി,ശനി, ഞായര്‍ ദിവസങ്ങളിലാകും സര്‍വീസുകള്‍ ഉണ്ടാവുക. ഇന്ത്യന്‍ സമയം 7.55ന് പുറപ്പെടുന്ന ഐ.എക്‌സ് 549 വിമാനം ഒമാന്‍ സമയം 10.20ന് മസ്‌കത്തിലത്തെും. തിരിച്ച് 11.15ന് പുറപ്പെടുന്ന ഐ.എക്‌സ് 554 വൈകുന്നേരം 4.30ന് തിരുവനന്തപുരത്തത്തെും.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മംഗലാപുരം സര്‍വീസുകള്‍ ഉണ്ടാവുക. മംഗലാപുരത്ത് നിന്ന് ഇന്ത്യന്‍ സമയം 10.05ന് പുറപ്പെടുന്ന ഐ.എക്‌സ് 817 വിമാനം അബൂദബി വഴി ഒമാന്‍ സമയം 2.40ന് മസ്‌കത്തിലത്തെും.തിരിച്ച് 3.30ന് പുറപ്പെടുന്ന ഐ.എക്‌സ് 818 ഇന്ത്യന്‍ സമയം 8.10ന് മംഗലാപുരത്ത് എത്തും.തിരിച്ചുള്ള സര്‍വീസ് നേരിട്ടായിരിക്കും.

കഴിഞ്ഞ വേനലവധി, പെരുന്നാള്‍ അവധി സമയങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ പോലും ടിക്കറ്റ് ലഭിക്കാതെ നിരവധി പേര്‍ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരുന്നു.